പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡും പ്രതിസ്ഥാനത്തായതോടെ മുന്‍ ബോര്‍ഡ് അംഗം ശങ്കരദാസിന്റെ പിഴവുകളും പരിശോധനാ വിധേയമാകും. 2018-19ല്‍ ശബരിമല യുവതീ പ്രവേശ പ്രക്ഷോഭത്തെ മറയാക്കിയാണ് ശ്രീകോവില്‍ ചുവരുകളില്‍ നിന്ന് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കടത്തിയത്. ശങ്കരദാസിന്റെ മകനും അന്ന് കോട്ടയം എസ്പിയുമായിരുന്ന എസ്. ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയാണ് 2018 ഡിസംബര്‍ 23ന്
തമിഴ്‌നാട്ടില്‍ നിന്ന് മനീതി സംഘത്തെ ശബരിമലയിലെത്തിച്ചതെന്ന് അന്ന് വാര്‍ത്ത വന്നിരുന്നു.
മനീതി സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം പമ്പയിലേക്ക് കടത്തി വിട്ട പോലീസിനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമല മേല്‍നോട്ട സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഡിജിപിയുമായി ആലോചിച്ചാണോ ഉദ്യോഗസ്ഥരുടെ നടപടിയെന്ന് വ്യക്തമാക്കാനും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു.
നിലയ്‌ക്കലില്‍ നിന്ന് സ്വകാര്യ വാഹനം കടത്തി വിടരുതെന്ന ഉത്തരവുണ്ടായിട്ടും പോലീസ് മനീതി സംഘത്തിന്റെ വാഹനം പോകാനനുവദിച്ചു. ഇത് ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പോലീസ് നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്നായിരുന്നു നിരീക്ഷണ സമിതി വിലയിരുത്തല്‍.
പിന്നീടാണ് ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ യുവതികള്‍ മല കയറിയത്. 2018 ഡിസംബര്‍ 24ന് ഇവരുടെ ആദ്യശ്രമം പരാജയപ്പെട്ടു. എന്നാല്‍ ശാരീരിക തളര്‍ച്ചയെന്ന പേരില്‍ ഇവരെ പോലീസ് തന്ത്രപൂര്‍വം മാറ്റി. ആശുപത്രിലെത്തിച്ച ശേഷം രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച യുവതികളെ 2019 ജനുവരി രണ്ടിന് ഹരിശങ്കറിന്റെ നേതൃത്വത്തിലെ പോലീസ് സംഘമാണ് ശബരിമലയിലെത്തിച്ച് വിഐപി കവാടത്തിലൂടെ സന്നിധാനത്തേക്ക് അതീവ രഹസ്യമായി കടത്തി വിട്ടത്.
തുടര്‍ന്നുണ്ടായ പ്രതിഷേധം മാസങ്ങളോളം നീണ്ടു. ഇതിനിടെയാണ് സന്നിധാനത്തുനിന്നു ശ്രീകോവില്‍ കട്ടിളപ്പാളികള്‍ മുതല്‍ ദ്വാരപാലക ശില്‍പ പാളികള്‍ വരെ കടത്തിയത്. ഭക്തരുടെ ശ്രദ്ധ യുവതീ പ്രവേശവുമായുള്ള പ്രക്ഷോഭത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍, ഇതാണ് സുവര്‍ണാവസരമെന്നു മനസിലാക്കിയാണ് സ്വര്‍ണക്കൊള്ളയ്‌ക്ക് ദേവസ്വം ബോര്‍ഡ് അനുമതിയേകിയതെന്നു വിശ്വാസികള്‍ പറയുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ ഡിഐജിയാണ് ഹരിശങ്കര്‍.
















