ന്യൂദൽഹി : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഈ പ്രദേശങ്ങങ്ങളിൽ ഇന്നലെ രാത്രി നടത്തിയ ഒരു ഓപ്പറേഷനിൽ സംയുക്ത സേന വിഭാഗം രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.
മച്ചിൽ സെക്ടറിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം വെടിവയ്‌പ്പ് നടത്തിയത്. സംശയാസ്പദമായ നുഴഞ്ഞുകയറ്റ പ്രവർത്തനം കണ്ടെത്തിയ സൈനികർ മുൻകരുതൽ നടപടിയായി കുറച്ച് റൗണ്ട് വെടിവച്ചുവെന്ന് സ്രോതസ്സുകൾ പറയുന്നു. പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ നുഴഞ്ഞുകയറ്റം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വൻതോതിൽ തിരച്ചിൽ നടക്കുന്നുണ്ട്.
അതേസമയം ശൈത്യകാലത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ബിഎസ്എഫ് ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഈ മുന്നൊരുക്കങ്ങൾ നടത്തുന്നത്. താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാൻ അതിർത്തിക്കപ്പുറത്തുള്ള വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികൾ കാത്തിരിക്കുന്നതായി ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ശൈത്യകാലത്തിന് മുമ്പ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിക്കുന്നതായി പൊതുവെ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ സതീഷ് എസ്. ഖണ്ഡാരെയാണ് അറിയിച്ചത്. അതിർത്തിക്കപ്പുറത്തെ ഭീകരരുടെ കൃത്യമായ എണ്ണം പറയാൻ പ്രയാസമാണ്, പക്ഷേ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാൻ തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ അതിർത്തിക്കപ്പുറത്ത് ചില ലോഞ്ച് പാഡുകൾ നിർമ്മിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം കതുവ ജില്ലയിൽ സുരക്ഷാ സേന ഒരു പഴയ മോർട്ടാർ ഷെൽ കണ്ടെത്തി സുരക്ഷിതമായി നിർവീര്യമാക്കി. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകുന്നേരം ഹിരാനഗർ സെക്ടറിലെ കരോൾ മഥുര അതിർത്തി ഗ്രാമത്തിലെ ഒരു വയലിൽ നിന്നാണ് ഷെൽ കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















