ബെംഗളൂരു : കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആർ എസ് എസ് ക്യാമ്പ് സന്ദർശിച്ച ചിത്രം പുറത്ത് വിട്ട് ബിജെപി. കർണാടകയിൽ ആർഎസ്എസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് കത്തെഴുതിയ മന്ത്രി പ്രിയങ്ക് ഖാർഗെ കത്ത് നൽകിയതിനു പിന്നാലെയാണ് സ്വന്തം പിതാവ് തന്നെ ആർ എസ് എസ് ക്യാമ്പിലെത്തിയ ചിത്രം ബിജെപി പുറത്ത് വിട്ടത് .
“അറിവില്ലായ്‌മ അപകടകരമാണ്. 2002 ജനുവരി 25, 26, 27 തീയതികളിൽ ബെംഗളൂരുവിലെ നാഗവാരയിൽ നടന്ന ആർഎസ്‌എസ് സമരസത സംഗമത്തിനുള്ള ഒരുക്കങ്ങൾക്കിടെ – അന്നത്തെ കർണാടക ആഭ്യന്തര മന്ത്രി മല്ലികാർജുൻ ഖാർഗെ (ഇപ്പോൾ സംസ്ഥാനത്ത് ആർഎസ്‌എസ് പ്രവർത്തനങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്ന പ്രിയങ്ക് ഖാർഗെയുടെ പിതാവ്) – മറ്റ് കോൺഗ്രസ് മന്ത്രിമാരോടൊപ്പം ആർഎസ്‌എസ് ക്യാമ്പ് സൈറ്റ് സന്ദർശിക്കുകയും സംഘടനയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
അടുത്തിടെ അന്തരിച്ച ആർഎസ്‌എസ് മുതിർന്ന നേതാവ് ശ്രീ കെ. ആർ. നരഹരിയും മറ്റ് പ്രമുഖ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗ്, പോലീസ് കമ്മീഷണർ ടി. സാംഗ്ലിയാന എന്നിവരും സന്നിഹിതരായിരുന്നു”.ബിജെപി വക്താവ് അമിത് മാളവ്യ ചിത്രം പങ്ക് വച്ച് എക്സിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
പ്രിയങ്ക് ഖാർഗെയെ വിമർശിച്ച് കർണാടക ബിജെപിയും രംഗത്തെത്തി . “വ്യാജ ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താൻ ആർഎസ്‌എസിനെതിരെ നിങ്ങൾ എത്രത്തോളം വിഷം പുറത്ത് വിടും . ഇന്ന് നിങ്ങൾ ആർഎസ്‌എസിനെതിരെ വിഷം വമിക്കുകയും സംഘത്തിന്റെ പ്രവർത്തനങ്ങൾ “നിരോധിക്കണമെന്ന്” പറയുകയും ചെയ്യുന്നു. എന്നാൽ 2002 ൽ ബെംഗളൂരുവിലെ നാഗവാരയിൽ നടന്ന സംഘത്തിന്റെ സമരസത സംഗമ പരിപാടിയിൽ, അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന നിങ്ങളുടെ പിതാവ് ശ്രീ മല്ലികാർജുൻ ഖാർഗെ നേരിട്ട് ആ ക്യാമ്പ് സന്ദർശിക്കുകയും ആർഎസ്‌എസിന്റെ സാമൂഹിക പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പൂർണ്ണ സഹകരണം നൽകുകയും ചെയ്തുവെന്ന് നിങ്ങൾക്കറിയാമോ? ആദ്യം നിങ്ങളുടെ കുടുംബത്തിന്റെ ചരിത്രം അറിയുക, തുടർന്ന് രാഷ്‌ട്രസേവകരെക്കുറിച്ച് സംസാരിക്കുക”, കർണാടക ബിജെപി അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
















