ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുത്ത പരിപാടിക്ക് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും നിര്‍ബന്ധമായും എത്തണമെന്നും, ഹാജരാകാത്തവര്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കില്ലെന്നും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തുന്നതിന്‌റെ ഓഡിയോ പുറത്തുവന്നത് വിവാദമായി. അങ്കണവാടി ജീവനക്കാരും ഹെല്‍പ്പര്‍മാരും ഉള്‍പ്പെടുന്ന 52 പേരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സൂപ്പര്‍വൈസര്‍ ഈ നിര്‍ദേശം നല്‍കിയത്.
മാങ്കുളം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ ഇത് അറിയിക്കുന്നതെന്നും സൂപ്പര്‍വൈസര്‍ പറയുന്നുണ്ട്.
ഞായറാഴ്ച മാങ്കുളം പഞ്ചായത്തിന്റെ വികസന സദസ്സില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് വനിതാ ശിശു വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി എത്തിക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് സദസ് ശുഷ്‌കമാവുന്നതായി മുഖ്യമന്ത്രിയടക്കം പലവട്ടം പരാതിപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ജീവനക്കാരെ അടക്കം ഭീഷണിപ്പെടുത്തി എത്തിക്കുന്നത്.
















