പാട്നാ ∙ ബീഹാറിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ഭാരതീയ ജനതാ പാർട്ടിയും (ബിജെപി), ജനതാദൾ (യുണൈറ്റഡ്), എൽജെപി, ആർഎൽപി, ഹിന്ദുസ്ഥാൻ അവാം മോർച്ച എന്നീ എൻഡിഎ ഘടകകക്ഷികളും അതുല്യമായ ഐക്യം പ്രകടിപ്പിച്ചതോടെ പ്രതിപക്ഷമായ തേജസ്വി യാദവ്–രാഹുൽ ഗാന്ധി കൂട്ടുകെട്ടിന് കടുത്ത വെല്ലുവിളിയുയർന്നു. സീറ്റുവിഭജനത്തിൽ ആഭ്യന്തര കലഹമുണ്ടാവുമെന്ന് പ്രവചിച്ച പ്രതിപക്ഷ മാധ്യമങ്ങളെ തള്ളി നിൽക്കുന്ന തരത്തിലായിരുന്നു ഘടകകക്ഷികളുടെ ഏകകണ്ഠമായ പ്രഖ്യാപനം.
ഇതുവരെ ബിജെപിയും നിതീഷ് കുമാറും തമ്മിൽ സീറ്റുതർക്കം രൂക്ഷമാകുമെന്നും മുന്നണി പിളരും എന്നുമായിരുന്നു കോൺഗ്രസ്–ആർജെഡി അനുകൂല മാധ്യമങ്ങളുടെ പ്രചാരണം. എന്നാൽ ഒക്ടോബർ 11, 12 തീയതികളിൽ തന്നെ എൻഡിഎ സീറ്റുവിഭജനം പൂർത്തിയാക്കി പ്രഖ്യാപിച്ചു. എല്ലാ ഘടകകക്ഷികളും അതിനെ ഹർഷത്തോടെ സ്വീകരിച്ചു.
ബീഹാറിൽ ആകെ 243 നിയമസഭാ സീറ്റുകളിലായി ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ബാക്കി 41 സീറ്റുകൾ മറ്റ് ഘടകകക്ഷികൾക്കായി വകയിരുത്തിയിട്ടുണ്ട്. ഒരുകാലത്ത് ലാലു യാദവും നിതീഷ് കുമാറും നേർകുനേർ പോരാടിയ ഈ സംസ്ഥാനത്ത് ബിജെപി നിർണായക രാഷ്‌ട്രീയശക്തിയായി വളർന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ വിഭജനം.
ലോക് ജനശക്തി പാർട്ടിയുടെ സ്ഥാപകനായ രാം വിലാസ് പാസ്വാൻ മോദിയുടെ അടുത്ത രാഷ്‌ട്രീയ സഹയാത്രികനായിരുന്നു. അദ്ദേഹത്തിന്റെ മകൻ ചിരാഗ് പാസ്വാൻ 40 സീറ്റുകൾ ആവശ്യപ്പെട്ടെന്ന പ്രചാരണങ്ങൾക്കിടെ വെറും 29 സീറ്റുകൾ ലഭിച്ചിട്ടും സന്തോഷപൂർവ്വം സ്വീകരിച്ചു. ഹാജിപൂരിൽ നടന്ന പ്രചാരണത്തിൽ മോദി ചിരാഗിന്റെ രാഷ്‌ട്രീയ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ഇരുവരുടെയും ബന്ധം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.
ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ജിതിന്‍ രാം മാഞ്ചിക്ക് കഴിഞ്ഞ തവണ ലഭിച്ച ആറ് സീറ്റുകൾക്കു പകരം ഈ തവണ അഞ്ച് സീറ്റുകളാണ് നൽകിയിട്ടുള്ളത്. എന്നിരുന്നാലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. “മോദി–നിതീഷ് മാജിക് ഈ തവണയും ആവർത്തിക്കും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആർഎൽപി നേതാവ് ഉപേന്ദ്ര കുശ്വാഹയ്‌ക്കും ആറ് സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. ബിജെപി വിരുദ്ധ മാധ്യമങ്ങൾ പ്രചരിപ്പിച്ചതുപോലെ അദ്ദേഹം മുന്നണി വിടുമെന്ന് ഒന്നും സംഭവിച്ചില്ല.
ഘടകകക്ഷികളുടെ സീറ്റുവിഭജനം
ജെഡിയു – 101
ബിജെപി – 101
എൽജെപി (ചിരാഗ് പാസ്വാൻ) – 29
ആർഎൽപി (ഉപേന്ദ്ര കുശ്വാഹ) – 6
ഹിന്ദുസ്ഥാൻ അവാം മോർച്ച (ജിതിന്‍ രാം മാഞ്ചി) – 5
243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ നിലവിൽ എൻഡിഎയ്‌ക്ക് 131 സീറ്റുകളുണ്ട് — ബിജെപി (80), ജെഡിയു (45), ഹിന്ദുസ്ഥാൻ അവാം മോർച്ച (4), സ്വതന്ത്രർ (2). ഇന്ത്യാ മുന്നണിക്ക് 111 എംഎൽഎമാരാണ് — ആർജെഡി (77), കോൺഗ്രസ് (19), സിപിഐ(എംഎൽ) (11), സിപിഎം (2), സിപിഐ (2).
ആദ്യ അഭിപ്രായ സർവേകൾ പ്രകാരം എൻഡിഎയ്‌ക്ക് 40% വിജയസാധ്യതയും ഇന്ത്യാ മുന്നണിക്ക് 38% വിജയസാധ്യതയുമാണെന്ന് പ്രവചിക്കുന്നു. വരാനിരിക്കുന്ന ആഴ്ചകളിൽ എൻഡിഎയുടെ ഗ്രാഫ് ഉയരുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
















