ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കരൂരില്‍ വിജയ്യുടെ റാലിക്കിടെ
തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി അജയ് റസ്‌തോഗിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന് എന്ന് കോടതി ചൂണ്ടിക്കാട്ടി.
വ്യാജ കുറ്റങ്ങള്‍ ചുമത്തി തങ്ങളെ കുടുക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നുവെന്ന് സുപ്രീം കോടതിയുടെ ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന പറഞ്ഞു. ‘വിജയ് വൈകി എത്തിയെന്ന ആരോപണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്. തീവ്രവാദികളെ പോലെയാണ് പോലീസ് ടിവികെ അംഗങ്ങളെ ആക്രമിച്ചത്. ടിവികെയെ അടിച്ചമര്‍ത്താന്‍ ഡിഎംകെ ശ്രമിച്ചു. പോലീസ് അനുവദിച്ച സമയമായ ഉച്ചകഴിഞ്ഞ് 3 നും രാത്രി 10 നും ഇടയിലാണ് വിജയ് എത്തിയത്. ഡിഎംകെ ഞങ്ങളുടെ പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിക്കുകയാണ് അദ്‌ദേഹം പറഞ്ഞു.
















