കൊല്ലം: തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ആസന്നമായതോടെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മറവില്‍ കാഷ്യു കോണ്‍ക്ലേവ് എന്ന തട്ടിപ്പുമായി പിണറായി സര്‍ക്കാര്‍.
കശുവണ്ടി മേഖലയില്‍ സംഭവിച്ച സമ്പൂര്‍ണ തകര്‍ച്ചയെ മറച്ചുവച്ച് വ്യവസായികളുടെയും തൊഴിലാളികളുടെയും കണ്ണില്‍ പൊടിയിടാനായാണ് കാഷ്യു കോണ്‍ക്ലേവ് നാളെ സംഘടിപ്പിക്കുന്നത്.
ആശ്രാമം ശ്രീനാരായണ സമുച്ചയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വ്യവസായ വകുപ്പിന്റെ പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹാള്‍ നിറയ്‌ക്കാനും പരിപാടി വിജയിപ്പിക്കാനുമായി അണികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദേശം സിപിഎം നല്‍കിക്കഴിഞ്ഞു. ഭരണത്തിലെത്തി ഒമ്പതുവര്‍ഷമായിട്ടും സംഘടിപ്പിക്കാത്ത പരിപാടിയാണ് ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ ധൃതിപിടിച്ച് നടപ്പാക്കുന്നത്.
കശുവണ്ടി മേഖലയുടെ അവസ്ഥ ദയനീയമായി തുടരുമ്പോഴും പൊങ്ങച്ചത്തിന് കുറവില്ലാത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നു. 600 ഫാക്ടറികളും മൂന്നര ലക്ഷത്തിലധികം തൊഴിലാളികളും പണിയെടുത്തിരുന്ന പരമ്പരാഗത വ്യവസായ മേഖലയാണിത്. യുഡിഎഫ് കാലത്തെ കുറ്റങ്ങളും കുറവുകളും വ്യാപകമായി പ്രചരിപ്പിച്ചും കോണ്‍ഗ്രസിലെയും ഐഎന്‍ടിയുസിയിലെയും തമ്മിലടി മുതലെടുത്തുമാണ് ഇടതുപക്ഷം കശുവണ്ടിതൊഴിലാളികളുടെ വോട്ടുകള്‍ നേടിയത്. ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇടതുപക്ഷം തൊഴിലാളികളെ കബളിപ്പിച്ചത്.
ഇപ്പോള്‍ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളായ കാപ്പക്‌സിന്റെയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കീഴിലുള്ള നാല്‍പതോളം ഫാക്ടറികള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ചുരുക്കം ചില മുതലാളിമാര്‍ മാത്രമാണ് നഷ്ടം സഹിച്ചും കശുവണ്ടി ഫാക്ടറികള്‍ നടത്തുന്നത്. ബാക്കിയുള്ളവരെല്ലാം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഫാക്ടറികളുടെ പ്രവര്‍ത്തനം മാറ്റി. 90 ശതമാനം കശുവണ്ടി ഫാക്ടറികളും അടഞ്ഞുപോയി. ഇതിലൂടെ രണ്ടര ലക്ഷത്തിലധികം സ്ത്രീകളാണ് തൊഴില്‍രഹിതരായത്.
പാര്‍ട്ടിക്കാരോ അനുഭാവികളോ ആയ സ്ത്രീകളെ മാത്രമാണ് ഇടതുപക്ഷ നേതാക്കള്‍ തൊഴിലാളികളായി ഫാക്ടറികളില്‍ ഇപ്പോള്‍ ജോലിക്ക് കയറ്റുന്നത്. വര്‍ഷാവര്‍ഷം മുന്നൂറ് പേര്‍ക്ക് ജോലി കൊടുക്കുന്നുണ്ടെന്ന അവകാശവാദവും എല്‍ഡിഎഫ് നേതാക്കള്‍ ഉയര്‍ത്തുന്നു.
കേരളത്തില്‍ പ്രോസസ് ചെയ്യുന്ന കശുവണ്ടിയുടെ 90 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി ഉപയോഗിച്ചാണ്. ചുട്ട് തല്ലിയെടുക്കുന്ന പരിപ്പിന്റെ രുചിയും ഗുണനിലവാരവും മറ്റുള്ളവയേക്കാള്‍ മെച്ചമായതിനാലാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കേരളത്തിലെ പരിപ്പിന് ഡിമാന്‍ഡ് വര്‍ധിച്ചത്. പുതിയ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പെക്സിന്റെയും ഉല്‍പന്നങ്ങള്‍ കെ സ്റ്റോര്‍ വഴിയും റേഷന്‍കടകള്‍ വഴിയും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ധാരണാപത്രം കോണ്‍ക്ലേവില്‍ ഒപ്പുവയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരായ പി. രാജീവ്, ചിഞ്ചുറാണി, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. അനില്‍, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 11.30 മുതല്‍ രണ്ട് സെഷനുകളിലായി വിദഗ്ധരും തൊഴിലാളി പ്രതിനിധികളും വ്യവസായികളും പങ്കെടുക്കുന്ന ചര്‍ച്ചകളും സംഘടിപ്പിക്കും.
















