കൊച്ചി :ശബരിമലയില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലെ റിപ്പോര്‍ട്ടില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വഴിവിട്ട ഇടപാടുകള്‍ എണ്ണിപ്പറയുന്നുണ്ട്.ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നടത്തിയ പല വഴിപാടുകളുടേയും അറ്റകുറ്റപ്പണികളുടേയും സ്പോണ്‍സര്‍മാര്‍ മറ്റ് ചിലരാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ നടത്തിയ വഴിപാടുകള്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. ശബരിമലയിലെ കേടായ വാതില്‍ അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശി നല്‍കിയത് ബിസിനസ്‌കാരനും ബെല്ലാരി സ്വദേശിയുമായ ഗോവര്‍ധന്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകോവിലിന്റെ കട്ടിളയില്‍ പൊതിഞ്ഞ ചെമ്പുപാളികളില്‍ സ്വര്‍ണം പൂശിയതിന് പണം മുടക്കിയത് മലയാളിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ അജി കുമാറാണ്.
ശബരിമല ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നദാനം, പടിപൂജ, കളഭാഭിഷേകം, ഉദയാസ്തമയപൂജ എന്നിവ നടത്തിയിട്ടുണ്ട്. പതിനെട്ടാം പടിക്ക് ഇരുവശത്തുമായി മണിമണ്ഡപം നിര്‍മിച്ച് നല്‍കുകയും ചെയ്തു. 2025ല്‍ അന്നദാനത്തിനായി ആറ് ലക്ഷം രൂപ നല്‍കി. മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപയും നല്‍കി.അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയുന്നതിലേക്കായി 10 ലക്ഷം രൂപ സംഭവാന നല്‍കിയിട്ടുണ്ട്. ശബരിമലയിലെ പല പ്രവൃത്തികളിലും ഇടനിലക്കാരനായി നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അന്യായ ലാഭം ഉണ്ടാക്കിയിട്ടുണ്ട്. സ്വര്‍ണവും കൈക്കലാക്കിയിട്ടുണ്ടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബിസിനസില്‍ നിന്നോ മറ്റോ സ്ഥിരവരുമാനമൊന്നും പോറ്റിക്കില്ലെന്ന് ആദായ നികുതി രേഖകള്‍ പരിശോധിച്ച ശേഷം വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.
















