പാലക്കാട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. പാലക്കാട് കൊടുമ്പില്‍ പഞ്ചായത്തില്‍ താമസിക്കുന്ന 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇക്കഴിഞ്ഞ അഞ്ചാം തീയതി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കായി എത്തിയ ഇദ്ദേഹത്തെ കമ്മ്യൂണിറ്റി സെന്ററിലേക്കും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.ആറാം തീയതി നടത്തിയ പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കയച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് 62 കാരന്‍.
പാലക്കാട് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നാല് പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 22 പേര്‍ മരിച്ചു.
















