തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്‌ക്ക് സമീപം കാരക്കോണം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടയില്‍ രോഗി മരിച്ചു. നെയ്യാറ്റിന്‍കര ആറാലുമൂട് സ്വദേശിനി കുമാരി (56) ആണ് മരിച്ചത്. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കാണ് ഇവര്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മരുന്ന് മാറി നല്‍കിയതാണ് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ ശസ്ത്രക്രിയയി്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഒമ്പതാം തീയതിയാണ് ശസ്ത്രക്രിയക്ക് വേണ്ടി ഇവര്‍ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം കുമാരിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി.പിന്നാലെ മരണം സംഭവിച്ചു. കുമാരിയുടെ മരണകാരണം അനസ്തേഷ്യ നല്‍കിയതുള്‍പ്പെടെയുള്ള ചികിത്സ പിഴവാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
















