നാരായവും നാവുമൊന്നുപോല്‍ ചൊല്ലുന്നു
നാരായണീ സ്തുതി നാദപൂര്‍വം
നാമസഹസ്രം മുഴക്കുന്നു നാടിന്റെ
നാവും, നമോ ദേവി നാദരൂപീ
നെല്ലരി ചൂണ്ടുവിരല്‍ത്തുമ്പിനോടിന്നു
ചൊല്ലുന്നു ബീജമന്ത്രാക്ഷരങ്ങള്‍
അക്ഷരജ്ഞാനത്തിനാദ്യനോവായ്
കുഞ്ഞു തേങ്ങുന്നു സംഗീതസാന്ദ്രമായി
ഇന്നാണരിയില്‍ ഹരിയെയും ശ്രീയെയും
വിഘ്‌നമൊഴിക്കും ഗണേശനേയും
ചിത്രമെഴുതി, വിചിത്രമേ വിജ്ഞാന-
ച്ചെപ്പിന്നടപ്പു തുറന്നുകിട്ടി
വിത്തമല്ലാ വിദ്യ, വേദവേദാന്തങ്ങള്‍-
ക്കക്കരെയുള്ള വിശാലഭാവം
വിത്താണുവിദ്യ,യ
തന്ധതമിസ്രത്തിന്നന്ത്യംകുറിക്കും വിഭാതവെട്ടം
സൂര്യാംശു താമരത്താരിനെയെന്നപോല്‍
ദിവ്യസഹസ്രാര പദ്മമപ്പോള്‍
ഭവ്യം വിരിഞ്ഞിടു-
മാത്മാവു മോക്ഷത്തിന്‍ ദിവ്യമാധുര്യം നുകര്‍ന്നറിയും
മാനസം പാല്‍ പോല്‍ നിലാവു പൊഴിച്ചിടു-
മാനന്ദധാര വഴിഞ്ഞൊഴുകും
അന്യര്‍ക്കുമാര്‍ക്കുമവരവര്‍ക്കും വിത്തം
ധര്‍മ്മത്തിനൊത്തപോല്‍ ചെന്നു ചേരും
















