ചന്ദ്രിക കെ.ടി
8129995330
ഭാരത ജനനിതന്‍ മിഴിനീര്‍ തുടയ്‌ക്കുക
ഭാരത മക്കളെ നിങ്ങളെന്നും
നിശ്ശബ്ദയായ് കേഴുമമ്മതന്‍ ദുഃഖത്തെ
നിശ്ശേഷമാക്കുവാന്‍ നമ്മള്‍ മാത്രം.
എല്ലാ മതങ്ങളും നമ്മളോടോതുന്നു
എപ്പോഴും സ്‌നേഹമന്ത്രങ്ങള്‍ മാത്രം
എന്തിനു നാം വൃഥാ പടവാളെടുക്കുന്നു
എന്തെന്തു നേടുവാന്‍ നമ്മളാല്‍ കഴിയുന്നു
‘ഒരുമ’തന്‍ യാത്രയിലോതുന്ന വാക്യങ്ങള്‍
ഉത്തമ സ്‌നേഹത്തിന്‍ ദൃഷ്ടാന്തമാക്കുക
ഓര്‍ക്കുക സഹജരെ പെറ്റമ്മ കേഴുമ്പോള്‍
ഓര്‍ത്തു ചിരിക്കുവാന്‍ നമ്മളാലാകുമോ?
ജന്മസാഫല്യമാം പ്രിയപുത്രരില്‍നിന്നും
ജനനിതന്‍ മാറിലേക്കൊഴുകുന്നു ചുടുനിണം
ഹന്ത പവിത്രയാമീ ഭാരതാംബതന്‍
ചിന്തിതമല്ലാത്ത ദുര്‍വിധിയോര്‍ക്കുക
ഗീത, ഖുറാന്‍, ബൈബിള്‍ എന്നിവ നല്‍കുന്ന
ഗീതികളെന്തെന്നു ചിന്തിക്ക തെല്ലിട
ആഴിയെ പ്രാപിക്കും നദിപോല്‍ മഹത്
വചനങ്ങളെത്തുന്നു മുഖ്യമായ് ‘സ്‌നേഹത്തില്‍’
ഒന്നാണു നമ്മളീ ജീവിതയാത്രയില്‍
ഒരുമതന്‍ വഞ്ചിനാം സ്‌നേഹത്താല്‍ തുഴയുക
അതിധന്യമാമീ മുഹൂര്‍ത്തത്തെ പുല്‍കുവാന്‍
അമ്മയാം ഭാരതം ക്ഷമയറ്റു നോക്കുന്നു.
















