പത്തനംതിട്ട : ശബരിമലയിലെ പഴയ സ്വര്‍ണപ്പാളി എവിടെപ്പോയെന്ന് അറിയില്ലെന്ന് പുതിയ വാതില്‍ പണിത ശില്‍പി എളവള്ളി നന്ദന്‍. സ്വര്‍ണം പൊതിഞ്ഞ പഴയ വാതിലില്‍ നിന്ന് സ്വര്‍ണപ്പൂട്ട് മാത്രമാണ് എടുത്തത്.
എളവള്ളിയില്‍ വച്ച് വാതില്‍ നിര്‍മ്മിക്കാം എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബംഗളൂരുവില്‍ നിര്‍മ്മാണം നടത്തണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആവശ്യപ്പെട്ടു. വിവാദങ്ങളുണ്ടായ ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും വിളിച്ചെന്നും എളവള്ളി നന്ദന്‍ വെളിപ്പെടുത്തി.
വാതില്‍ ഇണക്കാന്‍ പോയ വേളയില്‍ ദേവസ്വത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും പൊലീസും ഉണ്ടായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉണ്ടായിട്ടും എല്ലാ പ്രശ്നങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റി പരിഹരിച്ചു.അന്ന് തങ്ങള്‍ തങ്ങിയത് പൊലീസ് സ്റ്റേഷനില്‍ ആണെന്നും എളവള്ളി നന്ദന്‍ പറഞ്ഞു.
വാതില്‍ പണി ചെയ്തത് ബാംഗ്ലൂരില്‍ ഉള്ള ശ്രീരാമപുരത്ത് അമ്പലത്തില്‍ വച്ചാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് അവിടെ ചെയ്യാമെന്ന് പറഞ്ഞത്. ദ്വാരപാലക ശില്‍പ്പ വിഷയം പുറത്ത് വരുന്നതിന് നാല് ദിവസം മുന്‍പ് വിളിച്ചിരുന്നു. ശബരിമല വാതിലിന് അടിയില്‍ ചെമ്പിന്റെ പാളി എലി കടക്കാതിരിക്കാന്‍ വച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും വാതില്‍ വച്ച ശേഷം വാതിലുമായി തനിക്ക് ബന്ധമൊന്നുമില്ലല്ലോ എന്നും മറുപടി നല്‍കിയെന്ന് എളവള്ളി നന്ദന്‍ വ്യക്തമാക്കി. ചാനലില്‍ ഇക്കാര്യം പറഞ്ഞ ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും വിളിച്ചു. നന്ദകുമാറെ അന്ന് വിളിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ല വാതിലില്‍ മുള്ളാണി അടിച്ചിട്ടുണ്ടോ എന്ന് ചോദിക്കാനായിരുന്നു അന്ന് വിളിച്ചതെന്നും പറഞ്ഞു അദ്ദേഹം വ്യക്തമാക്കി.
















