Varadyam

അനുഗ്രഹമൂര്‍ത്തിയായി ശ്രീ നാഗരാജാവ്

Published by
ശ്രീജിത്ത് കെ സി

ഭൂമിക്കധിപനാം നാഗരാജാവേ,
പുതുക്കുളത്തെത്തി നമസ്‌കരിക്കുമ്പോള്‍
ശിഥിലബന്ധങ്ങള്‍ നിവര്‍ത്തിക്കുമീശ്വരാ
വരമരുള്‍ക അഭീഷ്ടപ്രദായക ദേവ
വാസുകി നാഗരാജ പ്രഭോ കൈതൊഴാം
ഭാസുരമാം നിന്റെ വിശ്വരൂപം
ഹര ഹര മഹാദേവ, ശിവ ശിവ മഹാദേവ,
നാഗരാജ പ്രഭോ
കൈതൊഴുന്നേന്‍, ഞങ്ങള്‍ കൈ തൊഴുന്നേന്‍…

അഭീഷ്ടവരദായകനായി വാസുകീ സങ്കല്പത്തിലുള്ള അതിവിശിഷ്ട ശ്രീനാഗരാജ പ്രതിഷ്ഠ. നാഗാരാധനാ പാരമ്പര്യം നൂറ്റാണ്ടുകളായി തുടരുന്ന കേരളത്തില്‍ പടിഞ്ഞാറ് ദര്‍ശനമായുള്ള അത്യപൂര്‍വ നാഗരാജ ക്ഷേത്രം-പുതുക്കുളം ശ്രീനാഗരാജക്ഷേത്രം. ഐതിഹ്യങ്ങളാലും അനുഗ്രഹ സവിശേഷതകളാലും സമ്പന്നമായ ഈ ക്ഷേത്രസന്നിധി സര്‍പ്പപ്രീതി തേടുന്ന ഭക്തരുടെ അഭയസ്ഥാനമാണ്.

തികഞ്ഞ ഭക്തിയോടെയുള്ള നാഗാരാധനാപാരമ്പര്യം കേരളത്തിന്റെ ആരാധനാക്രമങ്ങളിലെ സവിശേഷതയാണ് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ തൊടുപുഴയാറിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം. ചിട്ടയോടെയുള്ള ആരാധന സമ്പ്രദായമാണ് ഇവിടെ.

പ്രകൃതി- മനുഷ്യ ബന്ധം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ സൂചകമായാണ് കാവുകള്‍ അറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ പ്രാചീന കാലം മുതല്‍ എല്ലാ ഭൂമിയിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നു. പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സര്‍പ്പാരാധന ഉണ്ടെങ്കിലും, സര്‍പ്പങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിക്കുന്ന രീതി നമ്മുടെ മാത്രം പ്രത്യേകതയാണ്. ഇവിടങ്ങളില്‍ സന്ധ്യാവിളക്ക് വച്ച് പ്രാര്‍ത്ഥിക്കുകയെന്നതും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്ന ആചാരമാണ്.

ഐതിഹ്യം
മലബാറില്‍ വസിച്ചിരുന്ന പ്രതാപശാലികളും ജന്മികളുമായിരുന്ന പുതുക്കുളം, കുറുമ്പത്തൂര്‍ ബ്രാഹ്‌മണ കുടുംബങ്ങള്‍ ചില അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് വടക്കുംകൂറില്‍ അഭയം തേടി. വടക്കുംകൂര്‍ രാജഭരണ പ്രദേശത്തിന്റെ അധീനതയിലുള്ള തൊടുപുഴയിലെ മണക്കാട് പ്രദേശത്ത് മഹാരാജാവ് അവര്‍ക്ക് താമസിക്കാനായി ഒരു ദേശം തന്നെ അനുവദിച്ചു. ക്രമേണ ഈ കുടുംബങ്ങള്‍ ഇവിടത്തെ സ്ഥിരവാസികളായി. അവരുടെ കുലദൈവമായിരുന്ന നരസിംഹമൂര്‍ത്തിയും ഭഗവതിയും മണക്കാടിനും കുലദൈവങ്ങളായി.

കുടുംബാംഗങ്ങളില്‍ ചിലര്‍ കുലവൃത്തികളില്‍ എര്‍പ്പെട്ടു. ചിലര്‍ കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. അദ്ധ്യാപകരും ഭിഷഗ്വരരും തൊഴിലാളികള്‍ക്കൊപ്പം തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിച്ചവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. തൊഴില്‍ നേടിയും തൊഴില്‍ നല്കിയും അവര്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശികളായി. തങ്ങളെ അനുഗമിച്ച അനുചര വൃന്ദത്തിനും അവര്‍ രക്ഷകരായി നിലകൊണ്ടു. കാലക്രമേണ കുറുമ്പത്തൂരും പുതുക്കുളവും രണ്ട് ശാഖകളായി പിരിഞ്ഞു. കുറുമ്പത്തൂരിന് നരസിംഹമൂര്‍ത്തിയും പുതുക്കുളത്തിന് ഭഗവതിയും ഉപാസനാമൂര്‍ത്തികളായി. പല ശാഖകളായി പിരിഞ്ഞെങ്കിലും അവരുടെ കൂട്ടായ്‌മ തുടര്‍ന്നു പോന്നു.

ഇനിയാണ് ചരിത്രപരമായ മാറ്റം. എല്ലാ വര്‍ഷവും കന്നിമാസത്തിലെ സര്‍പ്പ പൂജക്കായി പാമ്പുമ്മേക്കാട് മനയില്‍ നിന്ന് ഒരു ബ്രാഹ്‌മണ ശ്രേഷ്ഠന്‍ എത്തിയിരുന്നു. ഒരിക്കല്‍ ഇവിടെ വച്ച് അദ്ദേഹത്തിന് വസൂരി ബാധിച്ചു. രോഗാവസ്ഥയില്‍ അദ്ദേഹത്തിന് സ്വന്തം ഭവനത്തിലേക്ക് മടങ്ങന്‍ സാധിക്കാതെ വന്നു. സ്വജനങ്ങള്‍ പോലും ഭയത്തോടെ അകന്നുമാറുന്ന ഈ മഹാവ്യാധിയില്‍, പുതുക്കുളത്തെ അംഗങ്ങള്‍ അദ്ദേഹത്തെ സഹാനുഭൂതിയോടെ പരിചരിച്ചു. നാളുകള്‍ നീണ്ട പരിചരണത്തിലൂടെ അദ്ദേഹം രോഗവിമുക്തനായി. രോഗം മാറിയ അതിഥിയെ പുതുക്കുളത്തെ ബ്രാഹ്‌മണര്‍ തന്നെ പാമ്പുമ്മേക്കാട് മനയില്‍ തിരികെ എത്തിക്കുകയും ചെയ്തു. ഇതിന് നന്ദിസൂചകമായി അവിടുത്തെ കാരണവര്‍ ധനം ദക്ഷിണയായി നല്കി. എന്നാല്‍ സത്കര്‍മ്മം പുണ്യം പ്രദാനം ചെയ്യുമെന്ന് വിശ്വസിച്ചിരുന്ന പുതുക്കുളത്തെ ബ്രഹ്‌മണശ്രേഷ്ഠര്‍ ആ ദക്ഷിണ സ്വീകരിച്ചില്ല. പുതുക്കുളത്തിന്റെ മഹാമനസ്‌കതയില്‍ സന്തോഷവാനായ പാമ്പുമ്മേക്കാട്ടെ കാരണവര്‍, ഇവര്‍ക്ക് എക്കാലവും തുണയേകുവാന്‍ അഞ്ച് സര്‍പ്പചൈതന്യം ദാനമായി നല്കി.

വിശിഷ്ടമായ ഉപാസനാ മന്ത്രം പനയോലയില്‍ എഴുതി നല്കുകയും ചെയ്തു. ഈ സര്‍പ്പ ചൈതന്യങ്ങള്‍ക്ക് യഥാവിധി പൂജകള്‍ ഒരു തപസ്യയായി അനുഷ്ഠിച്ചാല്‍ പുതുക്കുളത്തിനും സമീപവാസികള്‍ക്കും നന്മയും അഭിവൃദ്ധിയും വന്നുചേരുമെന്നും അനുഗ്രഹിച്ചു.

പുതുക്കുളത്തിന് പുതുജീവന്‍
പുതുക്കുളത്തിന് പുനര്‍ജീവന്‍ കൈവന്നത് കുടുംബാംഗവും ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് എംഡി യുമായ വിഷ്ണു നമ്പൂതിരി ഈ ക്ഷേത്ര ഭരണം ഏറ്റെടുത്തതോടെയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ക്ഷേത്രാചാര്യനുമായ കേശവന്‍ നമ്പൂതിരിയുടെ അനുഗ്രഹത്തോടെ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പുതുക്കുളം നാഗരാജ ക്ഷേത്രം അഭിവൃദ്ധിയിലേക്ക് ഉയര്‍ന്നു. പുതുക്കുളത്തിനും തദ്ദേശവാസികള്‍ക്കും ഐശ്വര്യവും അഭിവൃദ്ധിയും നല്കിയ സര്‍പ്പചൈതന്യത്തെ ഭക്തജനങ്ങള്‍ തികഞ്ഞ ഭക്തിയോടെ ആരാധിച്ചുപോരുന്നു.

ദര്‍ശന പുണ്യം തേടി ആയിരങ്ങള്‍
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദര്‍ശന പുണ്യം തേടി എത്തുന്ന ഭക്തസഹസ്രങ്ങളുടെ അഭീഷ്ടദായകനായി പുതുക്കുളം ശ്രീ നാഗരാജാവ് മാറിക്കഴിഞ്ഞു. നീണ്ടൂര്‍ നാരായണന്‍ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. കാടമറുക് മിഥുന്‍ വിജയന്‍ നമ്പൂതിരി മേല്‍ശാന്തിയും. പുതുക്കുളത്ത് ഇല്ലത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് ക്ഷേത്രകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. മൂലസ്ഥാനത്തെ അറയില്‍ ദീപം തെളിയിച്ചാണ് ക്ഷേത്രത്തിലെ പൂജകള്‍ ദിവസേന ആരംഭിക്കുന്നത്. മൂലസ്ഥാനത്ത് മറ്റ് പൂജകള്‍ നടക്കാറില്ല. വാസുകീ സങ്കല്പത്തിലുള്ള ആരാധനാ ക്രമമാണ് ഇവിടത്തേത്. പടിഞ്ഞാറു ദര്‍ശനം എന്നതും പ്രത്യേകതയാണ്. ഒറ്റ ശ്രീകോവിലില്‍ മൂന്ന് നടയിലായി പൂജകള്‍ നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഭഗവതി, ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി, നാഗചാമുണ്ഡി, കരിനാഗം, കുഴിനാഗം എന്നിവയാണ് പ്രധാന പ്രതിഷ്ഠകള്‍. ഗണപതി, ഭദ്രകാളി, ഭുവനേശ്വരി എന്നീ ഉപദേവതകളുമുണ്ട്.

ഉത്സവം കന്നിമാസത്തില്‍
കന്നിമാസത്തിലെ ആയില്യം, മകം നാളുകളിലാണ് ഇവിടെ ഉത്സവം. ആയില്യത്തിന് ക്ഷേത്രത്തില്‍ നിന്ന് തെക്കേ കാവിലേക്കുള്ള എഴുന്നള്ളത്ത് പ്രധാന ചടങ്ങാണ്. ആനയില്ലാതെ തിടമ്പ് എഴുന്നള്ളത്ത് മാത്രം നടക്കും. വൈകിട്ട് 5.30ന് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളത്ത് പുറപ്പെടും. 6.30 ഓടെ ക്ഷേത്രത്തില്‍ തിരികെ എത്തുമ്പോഴാണ് ദീപാരാധന. തുടര്‍ന്ന് സര്‍പ്പബലി. മകം ഇടിയോടെയാണ് ഉത്സവ ചടങ്ങുകള്‍ സമാപിക്കുക. ഈ വര്‍ഷത്തെ ഉത്സവം ഒക്ടോബര്‍ 16, 17 തീയതികളിലാണ് നടക്കുക. എല്ലാ മലയാളമാസത്തിലെയും ആയില്യം നാള്‍, പത്താമുദയം, പ്രതിഷ്ഠാദിനമായ മീനമാസത്തിലെ പുണര്‍തം എന്നിവയും വിശേഷ ദിവസങ്ങളാണ്.

പൂജാക്രമവും വഴിപാടും
സാധാരണ ദിവസങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ 10.30 വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയുമാണ് ദര്‍ശന സമയം. ആയില്യം നാളില്‍ രാവിലെ നാല് മുതല്‍ 12 വരെയും വൈകിട്ട് 4.30 മുതല്‍ 8.30 വരെയാണ് ദര്‍ശനം. സര്‍പ്പദോഷങ്ങള്‍ അകറ്റുവാനും സന്താനലബ്ധിക്കും ഇവിടുത്തെ വഴിപാടുകള്‍ ഏറെ പ്രധാനമത്രെ. ആയില്യം നാളില്‍ സര്‍പ്പബലിയും നടക്കുന്നു. മഞ്ഞള്‍പ്പറ, പൂക്കുല സമര്‍പ്പണം, നൂറുംപാലും എന്നിവയും വിശേഷപ്പെട്ടതാണ്.

നാഗരാജാ ക്ഷേത്രമായതിനാല്‍ ദിവസവും നൂറുംപാലും വഴിപാട് നടത്തും. സര്‍പ്പസൂക്ത പുഷ്പാഞ്ജലിയും സര്‍പ്പ പൂജയും പ്രധാനമാണ്. ആയില്യം നാളില്‍ നിര്‍മ്മാല്യത്തില്‍ തുടങ്ങി പഞ്ചാഭിഷേകം നടക്കും. രോഗശാന്തിക്കായി മഞ്ഞളഭിഷേകം, പാല്‍പ്പായസ ഹോമം, അഷ്ടനാഗപൂജ, സര്‍പ്പബലി എന്നിവയും പ്രാധാന്യത്തോടെ നടത്തുന്നു. സര്‍പ്പദോഷം അകറ്റുന്നതിനുള്ള വഴിപാടുകളാണിവ. പുറത്തുനിന്നുള്ളവര്‍ സര്‍പ്പങ്ങളെയും സര്‍പ്പദോഷങ്ങളെയും ഇവിടെ സമര്‍പ്പിക്കാറുണ്ട്. സന്താന ലബ്ധിക്കായി തുലാഭാരം, അടിമ കിടത്തല്‍, സര്‍പ്പത്തിന് മുമ്പില്‍ ചോറ് കൊടുക്കല്‍, കാര്യസാദ്ധ്യത്തിനായി സ്വര്‍ണ്ണത്തളികയില്‍ നൂറുംപാലും, വിവാഹത്തിനായി ഭഗവതിക്കു പട്ടുംതാലിയും സമര്‍പ്പണം, കൂട്ടുപായസം എന്നിവയും നടക്കുന്നു. തട്ടസമര്‍പ്പണവും പ്രധാന വഴിപാടാണ്. സമര്‍പ്പണ വഴിപാടുകളെല്ലാം എല്ലാ ദിവസവും രാവിലെ നടക്കുന്നു.

ചതുര്‍ബാഹു ഗണേശ ശില്പം
ക്ഷേത്രത്തിലെത്തുന്നവര്‍ ആദ്യം ദര്‍ശിക്കുന്നത് 27.5 അടി ഉയരത്തില്‍ നില്‍ക്കുന്ന ബാലഗണപതിയെയാണ്. കേരളത്തിലെ നില്‍ക്കുന്ന ഗണേശ ശില്പങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളതാണിത്. മാഞ്ഞൂര്‍ കാളാശേരില്‍ ദിനീഷ് കെ. പുരുഷോത്തമന്‍ എന്ന ശില്പിയാണ് ഒരുവര്‍ഷം കൊണ്ട് ഈ ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നില്‍ക്കുന്ന ശില്പങ്ങളില്‍ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ളതാണിത്.
സ്വര്‍ണ്ണ നിറത്തിലുള്ള ഗണേശ ശില്പത്തിന് നിരവധി പ്രത്യേകതകളുണ്ട്. മുന്‍വശത്തെ ഇടത് കൈയ്യില്‍ മോദകവും അഭയഹസ്തമായി വലംകൈയും. ഗണേശന്റെ നാല് കൈകളില്‍ പിന്നിലെ ഒരു കൈയില്‍ മഴുവും മറ്റേ കൈയ്യില്‍ ശംഖുമാണുള്ളത്. സമീപത്തായി നാഗരാജാവിന്റെ ശില്പവും ഉണ്ട്. 25.5 അടിയാണ് ഇതിന്റെ ഉയരം. സ്വര്‍ണ്ണ നിറം തന്നെയാണ് നാഗരാജാ ശില്പത്തിനുമുളളത്. ക്ഷേത്രത്തില്‍ വരുന്ന ഏവര്‍ക്കും പ്രഭാത ഭക്ഷണം അന്നം സമര്‍പ്പണമായി പുതുക്കുളം കുടുംബാംഗങ്ങള്‍ നടത്തുന്നു.

Recent Posts