അരിയും തിന്ന് ആരാനെയും കടിച്ചിട്ടും നായക്ക് പിന്നേം മുറുമുറുപ്പെന്നാണല്ലോ ചൊല്ല്. ശബരിമലയിലെ സ്വര്ണപ്പാളിക്കൊള്ളയെകുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനും
ദേവസ്വം മന്ത്രി വി.എന്‍.വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രതികരിക്കുന്നത് അതുപോലെയാണ്. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് 2024ല്‍ സ്വര്‍ണപ്പാളി സന്നിധാനത്ത് നിന്നു പുറത്തുകൊണ്ടുപോയി എന്നും സ്വര്‍ണത്തില്‍ കുറവുണ്ടെന്നും ആദ്യം പറഞ്ഞത്. തുടര്‍ന്നാണ് ഹൈക്കോടതി ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറയുന്നത്. അതിനുശേഷമാണ് ഉണ്ണികൃഷ്ണന് പോറ്റിയെന്ന സ്പോണ്സര് അവതാരം ദ്വാരപാലകരുടെ പീഠം കാണിനില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തുന്നത്. അത് തന്നെ കോടതി വിധി ചര്‍ച്ചചെയ്യാതിരിക്കാന്‍ നടത്തിയ നീക്കമാണോ എന്നു സംശയമുണ്ട്. ഒക്ടോബര്‍ 10ലെ ഹൈക്കോടതി ഉത്തരവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച രണ്ടിടത്തായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും ഉണ്ണികൃഷ്ണന് പോറ്റിയുമായി ചേര്‍ന്ന് ആരൊക്കെയോ ഗൂഢാലോചന നടത്തി ആഗോള അയ്യപ്പസംഗമത്തിന്റെ ശോഭകെടുത്താനുള്ള ശ്രമമാണെന്നും കള്ളത്തരം മുഴുവന്‍ കണ്ടെത്തിയത് ദേവസ്വം വിജിയന്‍സ് ആണെന്നുമാണ് ഇടത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ന്യാ
യീകരണം.
അതിനുള്ള കാരണം, ശബരിമലയെ ഈ കൊള്ളസംഘം കാണുന്നത് ആരും ചോദിക്കാനില്ലാത്ത ചക്കരകുടം പോലെയാണ്. ശബരിമലയില്‍ എവിടെ തൊട്ടാലും കാല്‍പ്പണം വാരാമെന്നുള്ള സ്ഥിതിയാണ്. വ്രതമെടുത്ത് മലചവിട്ടി എത്തുന്ന അയ്യപ്പന്മാരുടെ ഭക്തിയെ ചൂഷണം ചെയ്യുന്ന പരാന്നഭോജികളായി മാറി ദേവസ്വം ബോര്‍ഡും അതിലെ ഒരുവിഭാഗം ജീവനക്കാരും. സന്നിധാനത്തെ ആഴിയില്‍ നിന്നു കരിവാരുന്നവര് മുതല്‍ എക്സിക്യുട്ടീവ് ഓഫീസറും ദേവസ്വം കമ്മീഷ്ണറും ദേവസ്വംപ്രസിഡന്റും മന്ത്രിയുംവരെ ശബരിമലയെ വിറ്റ് കാശാക്കുകയാണ്. ശബരിമലയില്‍ അരക്കോടിവരെ നല്‍കിയാണ് പലരും ദേവസ്വം കമ്മീഷണറും എക്സിക്യുട്ടീവ് ഓഫീസറുമൊക്കെയായി എത്തുന്നത്. ആ പണം ഇരട്ടിയായി തിരകെ ലഭിക്കാന്‍ അവര്‍ ചിലപ്പോള്‍ അയ്യപ്പനെ വരെ വില്‍ക്കും.
ശബരിമലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും ഉള്‍പ്പെടെ പലതരത്തിലുള്ള സമര്‍പ്പണ വസ്തുക്കളെത്തും. ബാലകനായ അയ്യപ്പന് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍വരെ എത്തുന്നുണ്ട്. അവയുമായി ദേവസ്വം അധികൃതരെ സമീപിച്ചാല്‍ രസീത് പോലും എഴുതാതെ ഭണ്ഡാരത്തില് ഇടാന്‍ പറയും. അങ്ങനെ ഉള്ളവരെ സോപാനത്തിന് മുന്നില്‍ നിര്‍ത്തി, തൊഴാന്‍ അവസരം നല്കി ശ്രീകോവിലിനുള്ളില്‍ നിന്ന് പ്രസാദവും നല്‍കിവിടും. ചിലരാകട്ടെ ഇതൊന്നും നോക്കാതെ സോപാനത്തിന് മുന്നില്‍ എത്തുമ്പോഴെ ഉള്ളതെല്ലാം ഭണ്ഡാരത്തിലേക്ക് ഇടും. ഭണ്ഡാരപ്പുരയിലെ ജീവനക്കാര്‍ പണവും സ്വര്‍ണവും വേര്‍തിരച്ച് അവിടെയുള്ള സ്വര്‍ണപ്പണിക്കാരന്റെ മുന്നിലെത്തിക്കും. ഇതില്‍ നിന്ന് കള്ളപ്പൊന്ന് വേര്‍തിരിക്കും. അങ്ങനെ കളഞ്ഞ കള്ളപ്പൊന്ന് ഒരിക്കല്‍ വിജിലന്‍സ് പരിശോധിച്ചപ്പോള്‍ തനി സ്വര്‍ണാഭരണങ്ങളാണെന്ന് കണ്ടെത്തി. കളയുന്ന സ്വര്‍ണം എടുത്ത് മാറ്റാനും വില്ക്കാനുമൊക്കെ പ്രത്യേകം സംവിധാനം ഉണ്ടായിരുന്നു. അന്ന് അത് സ്വര്‍ണപ്പണിക്കാരനു പറ്റിയ പിഴവെന്ന് പറഞ്ഞ് ഒരു സ്വര്ണപ്പണിക്കാരെനക്കൂടി നിയമിച്ച് രണ്ട് തവണ പരിശോധനയായി. ഇപ്പോഴും ഈ കള്ളപ്പൊന്ന് വിപണനം തകൃതിയായി നടക്കുന്നുണ്ട്. കാരണം അതിന്റെ വിഹിതം തലപ്പത്ത് വരെ എത്തും.
ശബരിമലയിലെ നിത്യനിദാന ചെവ് അഞ്ച്ലക്ഷം രൂപയോളമാണ്. എന്നാല്‍ ഒരു രൂപപോലും ദേവസ്വത്തിന് ചെലവില്ല. ഗണപതിഹോമത്തിന് രസീത് 375 രൂപയാണ്. 175 രൂപ സാധനങ്ങള്‍ക്കും 200 രൂപ ദേവസ്വത്തിനും എന്നാണ് കണക്ക്. 100ല്‍ അധികം പേര്‍വരെ ഗണപതിഹോമത്തിന് രസീത് എടുക്കും. ഗണപതിഹോമത്തിനുള്ള ആകെ ചെലവ് 800രൂപയില്‍ താഴെ മാത്രം. ചിലപ്പോള്‍ അന്നത്തെ ഗണപതിഹോമം മുഴുവനായി സ്പോണ്സര് ചെയ്യുന്നവരും ഉണ്ടാകും. രസീത് എടുക്കുന്നവരില്ത്തന്നെ പ്രസാദം വാങ്ങാന്‍ എത്തുന്നവരാകട്ടെ വിരളവും. അഥവാ പ്രസാദം നല്കിയാല്തന്നെ അവിലും തേങ്ങയും എല്ലാം കൂടി ഒരുപിടി പ്രസാദവും. പുറത്തെ സാധാ ക്ഷേത്രങ്ങളില്‍ ഗണപതിഹോമം നടത്തിയാല്‍ ലഭിക്കുന്ന പ്രസാദം എങ്ങനെയാണെന്ന് പറയേണ്ടതില്ലല്ലോ. ശേഷിക്കുന്ന തുകമുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കിട്ടെടുക്കും ഇതുപോലെയാണ് ഓരോ കാര്യവും. ദേവന് നിവേദിക്കുന്ന അരവണയും അപ്പവും തിടപ്പള്ളിയില്‍ ഒരുക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത് നേരത്തെ വിവാദത്തിലായട്ടുള്ള സുനില്‍ സ്വാമിയാണ്. അതിന്റെ കണക്ക് ദേവസ്വം രേഖകളില്‍ കാണില്ല. അതിന്റെ പണവും ദേവസ്വം ജീവനക്കാരുടെ കീശയിലേക്ക് തന്നെ. ടിന്നിടലച്ച് അരവണ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് അവിടെ ഭക്തര്‍ കൊണ്ടുവരുന്ന അരിയും നെയ്തോണിയില്‍ നിക്ഷേപിക്കുന്ന നെയ്യുമാണെന്ന് ആത്മതാര്ത്ഥയുള്ള ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. 42 ലക്ഷം കിലോ ശര്ക്കരയാണത്രേ അരവണയ്ക്കു വേണ്ടത്. അതില്‍ എത്രകിലോ ഇറക്കുന്നുവെന്ന് ചോദിച്ചാല്‍ അയ്യപ്പനുപോലും അറിയില്ല. പളനിയിലെ പഞ്ചാമൃതം കഴിക്കാത്ത മലയാളിയില്ല. കല്‍ക്കണ്ടം മുതല്‍ ഈന്തപ്പഴം വരെ അതിലുണ്ടാകും. പക്ഷെ ശബരിമലയിലെ അരവണിയില് നിന്ന് ഒരു മുന്തിയോ ഒരുതരി കല്‍ക്കണ്ടോ എന്തിന് ഏലാക്കാ പൊടിയോ കിട്ടിയിട്ടുള്ളവര്‍ ലോട്ടറിയെടുത്താല്‍ ഒന്നാം സമ്മാനം ഉറപ്പ്. അത്രയ്ക്ക് ഭാഗ്യം വേണം. ദിവസങ്ങളോളം ഇരിക്കാന്‍ പൊടിച്ചു ചേര്‍ക്കുന്നു എന്നാണ് ന്യായീകരണം. നെയ് അഭിഷേകത്തിന് എത്തിക്കുന്ന നെയ് പോലും തട്ടിയെടുക്കുകയാണ്. ഭക്തര്‍ കൊണ്ടുവരുന്ന ചന്ദനവും പനനീരും ഒക്കെയാണ് പ്രസാദത്തിനായി ഉപയോഗിക്കുന്നത്. അവയ്ക്കെല്ലാം തുക ദേവസ്വം ചെലവില്‍ കാണിക്കുകയും ചെയ്യും. ഒരു പിടി പൂവിനുവരെ കമ്മീഷനും കൊള്ളയുമുണ്ട്.
മറ്റൊന്നാണ് പൂജ മാറ്റല്‍ കൊള്ള. അതായത് അഷ്ടകലശം, പടിപൂജ, നിത്യപൂജകള്‍ തുടങ്ങി എല്ലാം മുന്‍കൂട്ടി ബുക്കിങ് ആണല്ലോ. ഇതിനു രണ്ട് രജിസ്റ്റര്‍ ഉണ്ട്. ഒന്നില്‍ എപ്പോഴും എല്ലാ പൂജയ്ക്കും ആളുകാണും. മറ്റൊന്നില്‍ യഥാര്‍ത്ഥ രജിസ്റ്ററും. 6000 രൂപയാണ് അഷ്ടകലശത്തിനെങ്കില് 10000 നല്കിയാല് പൂജ മാറ്റിനല്‍കും. അതിന് പ്രത്യേകം തന്ത്രമുണ്ട്. പൂജ ബുക്ക് ചെയ്തവരില്‍ 90 ശതമാനവും എത്തില്ല. പലരും മറന്നുപോകും. ബുക്ക് ചെയ്തവരെ മുന്‍കൂട്ടി വിളിച്ച്, അവര്‍ക്ക് എത്താന്‍ കഴിയുമോ എന്ന് ചോദിക്കണം. പക്ഷെ ദേവസ്വത്തില്‍നിന്നു വിളിക്കുന്നത് തലേദിവസം മാത്രമായിരിക്കും. അതിനാല്‍ പലരും എത്തില്ല. അത് കൂടുതല്‍ തുകയ്ക്ക് മറിച്ചുവില്‍ക്കും. ഇതൊക്കെ എക്സിക്യൂട്ടീവ് ഓഫീസര്‍ തലത്തിലാണ് നടക്കുന്നത്. ഒരുവിഹിതം കീഴുദ്യോഗസ്ഥര്‍ക്കും ലഭിക്കും. പൂജമാറ്റി നല്‍കുന്നതിനിടെ വിജിലന്‍സ് പരിശോധന നടത്തിയപ്പോള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള ബാബു മുരാരി ബോധം കെട്ടുവീണത് അടുക്കളരഹസ്യമാണ്. ദേവസ്വം റൂമുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യല്‍ അഴിമതി വേറെയും.
മറ്റൊന്നാണ് കരാറുകള്‍. സന്നിധാനത്തെ കടകളുടെ ലേലം ഹൈക്കോടതി തടഞ്ഞത് എല്ലാവര്ക്കും അറിയാം. പൂവ് മുതല്‍ എല്ലാം ശബരിമലയില്‍ കരാറാണ്. അതില്‍ എത്ര പൂവ് എത്തുന്നു, എത്ര നെയ്യ് എത്തുന്നു, എത്ര അരിയെത്തുന്നു എന്ന് അറിയാന്‍ നിര്‍വാഹമില്ല. കണക്കില്‍ മാത്രമേ ഇവയൊക്കെ കാണാനാകൂ. പമ്പയിലും സന്നിധാനത്തും നിലയ്ക്കലുമൊക്കെ പച്ചക്കറി വിതരണത്തിന് ഇ-ടെന്‍ഡര്‍ നടപ്പിലാക്കിയപ്പോള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത ആളെ ഒഴിവാക്കി വേറൊരാള്‍ക്ക് നല്കി. അതിന്റെ കാരണമാണ് രസകരം. 2018ലെ മെസ്സുകളിലേക്കും അന്നദാനത്തിനും പച്ചക്കറി വിതരണം ചെയ്തത് ജെപി ട്രേഡേഴ്സ് എന്ന സ്ഥാപനമാണ്. ആ സമയത്തെ ചെക്ക് മാറാന്‍ ചെന്നപ്പോള്‍ അതേ ചെക്ക് നമ്പര്‍ മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ മാറിയെടുത്തു. അതും വൗച്ചറില്‍ ജെപി ട്രേഴ്സിന്റെ കള്ള ഒപ്പ് രേഖപ്പെടുത്തിയാണ് ചെക്ക് നല്‍കിയത്. അതിന് എതിരെ പരാതി നല്‍കിയതാണ് ഇ ടെന്റര്‍ നല്‍കാത്തതിന്റെ കാരണം. അന്ന് അതിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ സ്വര്‍ണപ്പാളി കൊള്ളയിലെ എക്സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍.
2018-19 ലെ പ്രളയകാലത്ത് പോലും വന്‍ കൊള്ള ദേവസ്വംബോര്‍ഡ് നടത്തി. പമ്പയില്‍ വന്‍നാശനഷ്ടം ഉണ്ടായി എന്നാണ് ദേവസ്വംബോര്‍ഡ് പറഞ്ഞത്. അന്ന് അവിടെ ഉണ്ടായിരുന്ന വലിയ നടപന്തല്‍ അറുത്തുമുറിച്ച് മാറ്റി ആക്രിവിലയക്ക് വിറ്റു എന്നാണ് പുറത്തുവരുന്ന വിവരം. അവിടെ രണ്ട് നിലയില്‍ പാര്‍ക്കിങ് അടക്കം നിര്‍മിക്കാന്‍ പുതിയ കമ്പനി സ്പോണ്‍സറായി എത്തിയിരുന്നു. നിര്‍മ്മാണം നടത്താന്‍വേണ്ടിയാണ് നടപ്പന്തല്‍ ആക്രിവിലയ്ക്ക് വിറ്റതെന്നാണ് സൂചന. ഇതെല്ലാം വിജിലന്‍സ് ഉള്ളപ്പോഴാണ് നടന്നതെന്നതാണ് രസകരം. ഇപ്പോഴത്തെ വിജിലന്‍സ് സംഘം നല്കിയ റിപ്പോര്‍ട്ടില്‍ പോലും സംശയം ഉയര്‍ന്നിട്ടുണ്ട്. രണ്ട് ജോഡി ദ്വാരപാലക ശില്ത്തിന്റെകാര്യം ഇ മെയിലില്‍ സൂചനയുണ്ടെന്ന് കോടതി കണ്ടെത്തിയത് തന്നെ ആദ്യത്തെ വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെയാണ്. എന്നാല്‍ അവസാന റിപ്പോര്‍ട്ട് വന്നപ്പോള്‍ അത് സ്വര്‍ണം ഉരുക്കിയെടുത്തതായി. കാരണം വിജിലന്‍സ് ദേവസ്വംബോര്‍ഡിന് കീഴിലാണല്ലോ. അന്വേഷണം തലപ്പത്തേക്ക് വരരുതല്ലോ. ഇനി പ്രത്യേക അന്വേഷണ സംഘത്തിലും കോടതിയിലുമാണ് പ്രതീക്ഷ.
( നാളെ: ക്ഷേത്രങ്ങളിലെ ദേവസ്വം കൊള്ള)
















