കര്‍ഷക ക്ഷേമം കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണ്. കൃഷി സുഗമമാക്കാനും ഉല്‍പ്പാദനച്ചെലവു കുറയ്‌ക്കാനും കര്‍ഷകരുടെ ലാഭം വര്‍ധിപ്പിക്കാനും നിരവധി ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തുന്നത്. കര്‍ഷകരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുക, കൃഷിയെ ദേശീയ അഭിവൃദ്ധിയുടെ സ്തംഭമാക്കുക എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം മാത്രമല്ല; അചഞ്ചലമായ ദൃഢനിശ്ചയംകൂടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓരോ തീരുമാനവും, ഓരോ പരിഷ്‌കാരവും, ഭാരതത്തിന്റെ വളര്‍ച്ചാഗാഥയുടെ കേന്ദ്രത്തിലാണു കര്‍ഷകന് ഇടമൊരുക്കുന്നത്. ജിഎസ്ടി നിരക്കുകളിലെ സമീപകാല പരിഷ്‌കാരങ്ങള്‍ ഈ കാഴ്ചപ്പാടിന്റെ ഉജ്വലമായ പ്രതിഫലനമാണ്. സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയില്‍നിന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജിഎസ്ടി ‘
യിലെ അടുത്തതലമുറ പരിഷ്‌കരണം’, പുതിയതും സ്വയംപര്യാപ്തവും സമൃദ്ധവുമായ ഭാരതത്തിന്റെ അടിത്തറയായി ഇപ്പോള്‍ രൂപപ്പെടുകയാണ്.
കര്‍ഷകരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകളില്‍ വലിയ കുറവു വരുത്തി. ഈ പരിഷ്‌കാരങ്ങള്‍ ഭാരതത്തിന്റെ കാര്‍ഷിക സമ്പ്രദായത്തിന് ഊര്‍ജമേകും. കര്‍ഷകരുടെ പുരോഗതിക്കു കരുത്തുപകരും. ഇതു കേവലം നയപരമായ മാറ്റങ്ങളല്ല; മറിച്ച്, കര്‍ഷകര്‍ ദിവസവും ഉഴുതുമറിക്കുന്ന മണ്ണിനെത്തന്നെ സ്പര്‍ശിക്കുന്ന പരിഷ്‌കാരങ്ങളാണ്. പത്തുകോടിയിലധികം ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് ഇതിലൂടെ നേരിട്ടു പ്രയോജനം ലഭിക്കും. നേരത്തെ, കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 18% വരെ ഉയര്‍ന്ന ജിഎസ്ടി നിരക്ക് ഈടാക്കുമായിരുന്നു. ഇപ്പോള്‍ അതു വെറും 5% ആയി കുറച്ചു. ഓരോ കര്‍ഷകനും ആയിരക്കണക്കിനു രൂപയുടെ നേരിട്ടുള്ള ലാഭം ഇതുറപ്പാക്കുന്നു.
35 കുതിരശക്തിയുള്ള (എച്ച്പി) ട്രാക്ടര്‍ വാങ്ങുന്ന കര്‍ഷകന്റെ കാര്യം നോക്കാം. മുമ്പ് ഏകദേശം 6.5 ലക്ഷം രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ ഏകദേശം 6.09 ലക്ഷത്തിനു ലഭ്യമാകും. അതായത്, 41,000 രൂപ ലാഭം. 45 എച്ച് പി ട്രാക്ടറിനു ലാഭം 45,000 രൂപ; 50 എച്ച്പി ട്രാക്ടറിന് 53,000 രൂപ; 75 എച്ച് പി ട്രാക്ടറിന് 63,000 രൂപയും. ചെറിയ യന്ത്രസാമഗ്രികള്‍പോലും ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാകും. പവര്‍ ടില്ലറിന് ഏകദേശം 12,000 രൂപ, നെല്ലു നടുന്ന യന്ത്രത്തിന് 15,000 രൂപ, മെതിക്കുന്ന യന്ത്രത്തിന് 14,000 രൂപ എന്നിങ്ങനെയാണു വില കുറയുക. പവര്‍ വീഡറുകള്‍, വിത്തുവിതയ്‌ക്കുന്ന യന്ത്രങ്ങള്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെ വില കുറയും. വിളവെടുപ്പിനും വിതയ്‌ക്കുന്നതിനുമുള്ള വലിയ യന്ത്രങ്ങളായ 14 അടി കട്ടര്‍ ബാര്‍, ചതുരാകൃതിയിലുള്ള ബെയ്ലര്‍, അല്ലെങ്കില്‍ വൈക്കോല്‍ റീപ്പര്‍ എന്നിവയുടെ കാര്യത്തില്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കു യഥാക്രമം 1.87 ലക്ഷം രൂപ, 94,000 രൂപ, 22,000 രൂപ എന്നിങ്ങനെ ലാഭിക്കാനാകും. മള്‍ച്ചറുകള്‍, സൂപ്പര്‍ സീഡറുകള്‍, ഹാപ്പി സീഡറുകള്‍, സ്‌പ്രേയറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും വില കുറഞ്ഞതോടെ ഓരോ ഏക്കറിലും ആധുനിക യന്ത്രവത്കരണം സാധ്യമാകും.
ലാഭകരമായ കൃഷിക്കു യന്ത്രവല്‍ക്കരണം ഇന്ന് ആഡംബരമല്ല; അനിവാര്യമാണ്. സ്പ്രിംഗ്ലറുകള്‍, കണികാജലസേചന സംവിധാനങ്ങള്‍, കൊയ്‌ത്തുയന്ത്രങ്ങള്‍, ഹൈഡ്രോളിക് പമ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ നികുതിയിളവുകള്‍ ചെറുകിട-നാമമാത്ര കര്‍ഷകരെപ്പോലും ആധുനിക ഉപകരണങ്ങള്‍ സ്വീകരിക്കാന്‍ പ്രാപ്തരാക്കും. തൊഴില്‍ച്ചെലവു കുറയും; സമയം ലാഭിക്കും; ഉല്‍പ്പാദനക്ഷമത വര്‍ധിക്കും. സംസ്ഥാനങ്ങളിലും കമ്പനികളിലും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകാമെങ്കിലും, മൊത്തത്തിലുള്ള ഫലം വ്യക്തമാണ്: കര്‍ഷകര്‍ കുറച്ചു പണം ചെലവഴിക്കുകയും കൂടുതല്‍ വരുമാനം നേടുകയും ചെയ്യും.
കര്‍ഷകരുടെ സമൃദ്ധി എന്ന ഒറ്റ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു നാം ഓരോ ചുവടും വയ്‌ക്കുന്നത്. ഈ നികുതിയിളവുകള്‍ കര്‍ഷകര്‍ക്ക് ഉടനടി ആനുകൂല്യങ്ങളായി മാറുന്നുവെന്ന് ഉറപ്പാക്കാന്‍ കാര്‍ഷികയന്ത്ര നിര്‍മാതാക്കളുടെ പ്രതിനിധികളെ ഞാന്‍ നേരിട്ടു കണ്ടു. എന്നാല്‍ ഈ പരിഷ്‌കാരം കൃഷിക്ക് അപ്പുറത്തേക്കു വ്യാപിക്കുന്നതാണ്. സമ്പദ്വ്യവസ്ഥയ്‌ക്കാകെ ഇതു കരുത്തുറ്റ പ്രചോദനമാണ്. ചേരുവകളുടെ ചെലവു കുറയുന്നത്, കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങളില്‍നിന്ന് ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കും. ഇതു ചെറുകിട-കുടില്‍ വ്യവസായങ്ങളെ ശക്തിപ്പെടുത്തും. വിലകുറഞ്ഞ അസംസ്‌കൃതവസ്തുക്കള്‍ ഉല്‍പ്പാദനച്ചെലവു കുറയ്‌ക്കുകയും എംഎസ്എംഇകള്‍ക്ക് ഉത്തേജനം പകരുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
കൃഷിയും മൃഗസംരക്ഷണവും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഇരട്ട എന്‍ജിനുകളാണ്. തേനീച്ച വളര്‍ത്തല്‍, ക്ഷീരോല്‍പ്പാദനം, മൃഗസംരക്ഷണം, സഹകരണ സംഘങ്ങള്‍ എന്നിവയ്‌ക്ക് അനുവദിച്ചിരിക്കുന്ന ജിഎസ്ടി ഇളവുകള്‍ ഗ്രാമപ്രദേശങ്ങളില്‍ പുതിയ ഊര്‍ജം പകരും. കര്‍ഷകരുടെ ചെലവുകള്‍ കുറയുകയും അവരുടെ വരുമാനം ഉയരുകയും ചെയ്യുമ്പോള്‍, അവര്‍ സ്വാഭാവികമായും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയില്‍ കൂടുതല്‍ നിക്ഷേപിക്കും. ധനസഹായങ്ങളിലൂടെയല്ല; മറിച്ച്, ശാക്തീകരണത്തിലൂടെയാണു ഗ്രാമീണ ഭാരതത്തിന്റെ സമഗ്ര വികസനം ആരംഭിക്കുന്നത്.
ജൈവ-പ്രകൃതിദത്ത കൃഷിയാണ് ഭാരത കാര്‍ഷിക മേഖലയുടെ ഭാവി എന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ലോകം സുസ്ഥിര കൃഷിയിലേക്കും പാരിസ്ഥിതിക സന്തുലിതാവസ്ഥയിലേക്കും നീങ്ങുന്ന സമയത്ത്, ജൈവ കീടനാശിനികളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും ജിഎസ്ടി 12ല്‍നിന്ന് 5% ആയി കുറയ്‌ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമയോചിതവും ദീര്‍ഘവീക്ഷണമുള്ളതുമാണ്. രാസവളങ്ങളില്‍നിന്നു ജൈവചേരുവകളിലേക്കു മാറാന്‍ ഇതു കര്‍ഷകരെ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഫലങ്ങള്‍ പരിവര്‍ത്തനാത്മകമാകും. സമ്പന്നമായ മണ്ണിന്റെ ഫലഭൂയിഷ്ഠത, ആരോഗ്യകരമായ ഭൂമി, കൃഷിച്ചെലവു കുറയ്‌ക്കല്‍ എന്നീ നേട്ടങ്ങളുണ്ടാകും. മിക്ക കൃഷിയിടങ്ങളും ചെറുകിട കൈവശഭൂമികളായതിനാല്‍, സുസ്ഥിര വരുമാനവളര്‍ച്ച ഉറപ്പാക്കുന്നതിനു സംയോജിത കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും ഗവണ്മെന്റ് പതിവായി പ്രോത്സാഹിപ്പിക്കുകയാണ്.
അതുപോലെ നിര്‍ണായകമാണു മൂല്യവര്‍ധനയും. ഭക്ഷ്യസംസ്‌കരണ വ്യവസായത്തിന് ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ശക്തമായ ഉത്തേജനം നല്‍കിയിട്ടുണ്ട്. ശീതസംഭരണികളിലും സംസ്‌കരണ യൂണിറ്റുകളിലും കൂടുതല്‍ നിക്ഷേപം വരുന്നതോടെ, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കാലം സംരക്ഷിക്കാനും മികച്ച വിലയ്‌ക്കു വില്‍ക്കാനും കഴിയും. ഒരു നയമോ കരാറോ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലിപരിപാലകരുടെയും താല്‍പ്പര്യങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ ആ പ്രതിജ്ഞാബദ്ധതയുടെ ജീവസ്സുറ്റ തെളിവാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്‌ക്കുകയും ഭാരതത്തില്‍ നിര്‍മിക്കല്‍, സ്വയംപര്യാപ്ത ഇന്ത്യ എന്നിവയ്‌ക്ക് ആക്കം കൂട്ടുകയും ചെയ്യും.
ഗ്രാമീണ അഭിവൃദ്ധിയുടെ നെടുംതൂണുകള്‍ സ്വയംസഹായസംഘങ്ങളിലെ സ്ത്രീകളാണ്. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ അവരുടെ പ്രവര്‍ത്തനച്ചെലവു കുറയ്‌ക്കുകയും ചെറുകിട ഗ്രാമീണ വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ പുതിയ സംസ്‌കരണ യൂണിറ്റുകള്‍, സംഭരണസൗകര്യങ്ങള്‍, ഗതാഗതശൃംഖലകള്‍ എന്നിവ ഉയര്‍ന്നുവരുമ്പോള്‍, സംരംഭകത്വത്തിനും തൊഴിലിനും പുതിയ വഴികള്‍ തുറക്കും. നികുതി കുറയ്‌ക്കുക എന്നതിനര്‍ഥം ഉയര്‍ന്ന വില്‍പ്പന, പുതിയ തൊഴിലവസരങ്ങള്‍, സ്വന്തം ഗ്രാമങ്ങളില്‍ സ്വയംപര്യാപ്തരാകാന്‍ ശാക്തീകരിക്കപ്പെടുന്ന യുവതലമുറ എന്നിവയാണ്.
ഭാരത സമ്പദ്വ്യവസ്ഥയെ യഥാര്‍ഥത്തില്‍ ”ദീര്‍ഘകാലം നിലനില്‍ക്കുന്ന സമ്പദ്വ്യവസ്ഥ”യാക്കി മാറ്റുന്ന ‘സ്വദേശി സേ സമൃദ്ധി’ (സ്വയംപര്യാപ്തതയിലൂടെ അഭിവൃദ്ധി) എന്ന നമ്മുടെ കൂട്ടായ ദൃഢനിശ്ചയം ഈ പരിഷ്‌കാരങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് എനിക്കുറപ്പുണ്ട്. നികുതിനിരക്കുകള്‍ കുറയ്‌ക്കുക മാത്രമല്ല ഈ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത്; കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മൃഗസംരക്ഷണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഗ്രാമീണ സംരംഭങ്ങളെ നയിക്കുന്ന സ്ത്രീകള്‍ എന്നിവരുടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ധാര്‍മികവും സാമ്പത്തികവുമായ പ്രതിജ്ഞാബദ്ധതയെക്കൂടി അവ പ്രതിനിധാനം ചെയ്യുന്നു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’, ‘അന്ത്യോദയ’ എന്നിവയുടെ ചൈതന്യത്താല്‍ നയിക്കപ്പെടുന്ന നമ്മുടെ ഗവണ്മെന്റ്, കൃഷിയിടങ്ങളുടെയും കര്‍ഷകരുടെയും അഭിവൃദ്ധിയാണു രാജ്യത്തിന്റെ പുരോഗതിയുടെ യഥാര്‍ഥ അളവുകോലെന്നു തെളിയിക്കുകയാണ്.
ഈ ദീപാവലി, ‘സ്വദേശി സേ സമൃദ്ധി’ എന്ന പ്രമേയത്തോടെ ഭാരതം ആഘോഷിക്കും. ഓരോ വീട്ടിലും സ്വയംപര്യാപ്തതയുടെ ജ്വാലകള്‍ തെളിച്ച്, ‘ജയ് സ്വദേശി’ എന്ന മുദ്രാവാക്യം മുഴക്കി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാടിലേക്കു നാം ആത്മവിശ്വാസത്തോടെ മുന്നേറും.
















