കയ്റോ :ഹമാസ്–ഇസ്രയേൽ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള അന്താരാഷ്‌ട്ര ഉച്ചകോടിക്ക് മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷെയ്‌ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. അപകടത്തിൽ രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. അപകടം നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഉണ്ടായത്.
ഖത്തറിന്റെ പ്രോട്ടോക്കോൾ സംഘത്തിലെ അംഗങ്ങളായിരുന്നു അപകടത്തിൽപ്പെട്ട നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാൻ ഷാം എൽ-ഷെയ്‌ക്കിൽ സംഘടിപ്പിക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. വക്രമായ വളവിൽ വാഹനം മറിഞ്ഞുവെന്നാണ് ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുമായി ഷാം എൽ-ഷെയ്‌ക്ക് ആഗോള ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും നേതൃത്വത്തിലാണ് ഉച്ചകോടി തിങ്കളാഴ്ച നടക്കുന്നത്. ലോക രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ഹമാസ്–ഇസ്രയേൽ കരാറിന് അന്തിമ അംഗീകാരം നൽകുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
2023 ഒക്ടോബർ 7-ന് ഹമാസ് പിടികൂടിയവരിൽ 48 പേർ ഇനിയും മോചിതരാകാനുണ്ട്. ഇവരിൽ 20 പേർ ജീവനോടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ ബന്ദികളെയും തടവുകാരെയും 72 മണിക്കൂറിനകം മോചിപ്പിക്കണമെന്നാണ് നിബന്ധന. വെള്ളിയാഴ്ച ഉച്ചയോടെ ഇസ്രയേൽ സൈന്യം പുനർവിന്യാസം പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ ഞായറാഴ്ച രാത്രി മുതൽ ബന്ദിമോചന നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. ഇതിനു പകരമായി 250 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ ഇതിനകം പ്രസിദ്ധീകരിച്ചിരുന്നു.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഖത്തറിനും ഈജിപ്തിനും നിർണായക പങ്കുണ്ട്. ഷാം എൽ-ഷെയ്‌ക്കിൽ ഖത്തർ പ്രതിനിധികളും ഈജിപ്ഷ്യൻ മദ്ധ്യസ്ഥരും ചേർന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട കരാറിൽ കഴിഞ്ഞ ആഴ്ച സഹകരണം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉച്ചകോടിക്ക് മുൻപേ ഖത്തർ പ്രതിനിധികളുടെ വാഹനം അപകടത്തിൽ പെട്ടത് എന്നത് വലിയ ദൗത്യപരമായ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്.
ഗാസയിലേക്കുള്ള സമാധാന പ്രക്രിയയിൽ അന്താരാഷ്‌ട്ര പങ്കാളിത്തം ശക്തമായ സാഹചര്യത്തിലാണ് ഷാം എൽ-ഷെയ്‌ക്കിൽ ഉച്ചകോടി നടക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഉച്ചകോടിയിൽ നിന്നും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. ഖത്തർ നയതന്ത്രജ്ഞരുടെ മരണം സമ്മേളനത്തിന്റെ അന്തരീക്ഷത്തെ ദു:ഖഭാരിതമാക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.














