തിരുവനന്തപുരം: അധികാരത്തിലിരിക്കുന്ന ‘ക്യാപ്റ്റൻ’ മകന് വിദേശത്ത് ഫൈവ് സ്റ്റാർ ഹോട്ടൽ വാങ്ങാൻ സഹായിക്കണമെന്ന് നയതന്ത്ര ചാനലിലൂടെ സ്വർണ്ണക്കടത്തിന് സഹായം നിന്ന യുഎഇ കൗൺസിൽ ജനറലിനോട് സഹായം അഭ്യർത്ഥിച്ചുവെന്ന് വെളിപ്പെടുത്തൽ. ‘ക്യാപ്റ്റൻ’ എന്ന് പരമാർശിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മകൻ വിവേക് കിരണും. സ്വർണ്ണക്കടത്തുകേസിൽ പ്രതിയായ സ്വപ്‌ന സുരേഷാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇപ്പോൾ ഉയർന്നിരിക്കുന്ന ഇഡി സമൻസ് വാർത്തയുടെ പശ്ചാത്തത്തിലാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ.
ഒരു മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽ വിദേശ നയതന്ത്ര ഉദ്യോഗസ്ഥനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമാണ്. അതിനു പുറമേയാണ് സ്വന്തം മകന് ബിസിനസ് നടത്താൻ സഹായം അഭ്യർത്ഥിച്ചത്. മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള വിദേശയാത്രകളുടെ കാര്യങ്ങളും കൂടി ചേർത്തു വായിക്കുമ്പോൾ സ്വപ്‌ന സുരേഷിന്റെ വളിപ്പെടുത്തലിൽ കഴമ്പുണ്ടെന്ന് ആർക്കും തോന്നാം. വെളിപ്പെടുത്തൽ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
സ്വപ്‌ന സുരേഷ് എഫ്ബിയിൽ ഇങ്ങനെ എഴുതി: ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണക്കാരന്റൈ മകൻ ആണ് ഇഡി നോട്ടീസ് അവഗണിച്ചതെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.
മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണിമണിപോലെ എല്ലാം പുറത്തു വരും. അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.
അത് നടപ്പിലാകണമെങ്കിൽ അച്ഛന്റൈ സിംഹാസനം തെറിക്കണം!
ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യു എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്‌ച്ച. അവിടെവയ്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി, മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യുഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്‌ക്ക് മേടിയ്‌ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)
പൊതുജനങ്ങൾക് ഉണ്ടാകുന്ന സംശയം:
ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യൂ എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്‌ക്കാൻ പറ്റുമോ?
ഉത്തരം
പറ്റും… അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.
എൻബി: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും… നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ.
















