തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്‌പ ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
ജാസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. ഇയാള്‍ ഒളിവിലാണ്. ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി സ്ത്രീ മരിച്ചത്. സ്ത്രീയുടെ ആത്മഹത്യാ കുറിപ്പിലെ ഗുരുതര പരാമര്‍ശങ്ങളിലാണ് ജോസ് ഫ്രാങ്ക്‌ളിനെതിരായ നടപടി.
നാല് മാസം മുമ്പ് നാട്ടില്‍ തുടങ്ങിയ ബേക്കറിയ്‌ക്കായി വായ്‌പ ശരിപ്പെടുത്തി നല്‍കാമെന്ന പേരില്‍ സമീപിച്ചായിരുന്നു ചൂഷണം. ഫോണ്‍ വിളിച്ചും അല്ലാതെയും നിരന്തരം ശല്യം ചെയ്തു. മക്കള്‍ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ വീട്ടമ്മ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്.
ഫോണ്‍ രേഖകള്‍ കൂടി പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാവിനെ നെയ്യാറ്റിന്‍കര പൊലീസ് പ്രതി ചേര്‍ത്തത്.ജോസ് ഫ്രാങ്ക്‌ളിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
















