കൊച്ചി: മുനമ്പത്തെ വിവാദഭൂമി വഖഫ് സ്വത്തേയല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മുനമ്പത്തുകാര്‍ക്ക് ഇരട്ടിമധുരമാണ് നല്‍കുന്നത്. എന്തെന്നാല്‍ ഒരുതരത്തിലും ഭൂമി ഇനി അവരില്‍ നിന്ന് തട്ടിയെടുക്കാന്‍ സാധിക്കില്ല.
കേന്ദ്രം പാസാക്കിയ വഖഫ് നിയമ ഭേദഗതി വന്നതോടെ തന്നെ, ഭൂമിയില്‍ ഇനി വഖഫ് അവകാശവാദം നിലനില്‍ക്കില്ലെന്ന് ഉറപ്പായിരുന്നു. ഭൂമിയെ വഖഫായി വഖഫ് ബോര്‍ഡ് പ്രഖ്യാപിക്കുന്നതിന് പതിറ്റാണ്ടുകള്‍ മുന്‍പേ തന്നെ പണം നല്‍കി ഭൂമി വാങ്ങിയവരാണ് അവിടുത്തെ 600ലേറെ കുടുംബങ്ങള്‍.
ഇപ്പോള്‍ ഇത് ഒരുതരത്തിലും വഖഫ് ഭൂമിയേ അല്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും ഇത് മുനമ്പത്തെ ഭൂമി തട്ടിയെടുക്കാനുള്ള കുതന്ത്രമാണെന്നും ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചിട്ടുണ്ട്. അന്നത്തെ പ്രഖ്യാപനം തങ്ങള്‍ റദ്ദാക്കുന്നില്ല, എന്തെന്നാല്‍ അത് നടപ്പാക്കാന്‍ ആവുകപോലുമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ചുരുക്കത്തില്‍ ഇനി സര്‍ക്കാരാണ്, മുനമ്പത്തുകാരോട് കരുണ കാട്ടേണ്ടത്. വഖഫ് പ്രഖ്യാപനം സര്‍ക്കാരിന് ബാധകമല്ലാത്തതിനാല്‍ ഭൂമി കൈയേറാന്‍ വന്നവരില്‍ നിന്ന് അവിടുത്തുകാരെ രക്ഷിക്കേണ്ടത് ഇനി പിണറായി സര്‍ക്കാരാണ്.
















