ഭുവനേശ്വർ : ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ മഹുൽദിഹ ഗ്രാമത്തിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ഭർത്താവ് അടിച്ച് കൊലപ്പെടുത്തി. മഹുൽദിഹ പോലീസ് പരിധിയിലുള്ള ചമ്പഝർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭർത്താവായ ഉദയ് ആണ് ഭാര്യ സലിതയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി വൈകി മദ്യപിച്ചെത്തിയ ഉദയ് അവിഹിതത്തിന്റെ കാരണം പറഞ്ഞുകൊണ്ട് സലിതയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. പിന്നീട് സലിതയെ പൈപ്പും ഇരുമ്പ് വടിയും ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. തുടർന്ന് പ്രതി രാത്രി മുഴുവൻ മൃതദേഹത്തിനരികിൽ ഉറങ്ങുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ മഹുൽദിഹ പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഉദയയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, വിവാഹേതര ബന്ധത്തിന്റെ പേരിൽ ഉദയ് സലിതയെ കൊലപ്പെടുത്തിയിരിക്കാമെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാം ഉടൻ വ്യക്തമാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
















