ചെന്നൈ: ‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ. കരൂരില്‍ ഒരു തെറ്റ് സംഭവിച്ചിരിക്കാം. ആരാണ് അതിന് ഉത്തരവാദിയെന്ന് കണ്ടെത്തി നടപടിയെടുക്കുകയാണ് വേണ്ടത് . കരൂര്‍ സന്ദര്‍ശിക്കാന്‍ വിജയ് ഡിജിപിയുടെ അനുവാദം തേടിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു തമിഴ് നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. എന്നെ സംബന്ധിച്ചിടത്തോളം എല്ലാവര്‍ക്കും തമിഴ്നാട്ടിലെവിടെയും പോകാനുള്ള അവകാശമുണ്ട്. ടിവികെ അത് അനാവശ്യമായി പെരുപ്പിച്ചു കാണിക്കുകയാണ്.
വിജയ് കരൂരിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. ഞാനും അതേ കരൂരില്‍ നിന്നാണ്. ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരാന്‍ എന്തിനാണ് അനുമതി വേണ്ടത്? ആര്‍ക്കും വരാം. എല്ലാവരും വരുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍, മുഖ്യമന്ത്രി സ്റ്റാലിന്‍ മുതല്‍ കമല്‍ വരെ എല്ലാവരും വന്നു പോയി. എന്‍ഡിഎ എംപിമാരുടെ ഒരു സംഘവും വന്നിട്ടുണ്ട്.
കരൂര്‍ ജില്ലയില്‍ 36 കുടുംബങ്ങള്‍ ദുരിതബാധിതരാണ്. കാങ്കേയം, താരാപുരം പ്രദേശങ്ങളിലും ആളുകളുണ്ട്. പോലീസ് എന്തിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് എനിക്കറിയില്ല. മരിച്ചയാളുടെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോകുന്നതിനാല്‍ ജനക്കൂട്ടമുണ്ടായാലും ആളുകള്‍ ശാന്തരായിരിക്കും. ആ സ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് ആളുകള്‍ക്ക് അറിയാം. അദ്ദേഹം പറഞ്ഞു.















