തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടും സംസ്ഥാനത്തെ പല സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഇത് ഗുരുതരമായ വീഴ്ചയാണ്. പേരിന് കമ്മിറ്റികള്‍ രൂപീകരിച്ച ചില സ്‌കൂളുകളില്‍ നിയമം അനുസരിക്കുന്ന വിധത്തിലല്ല പ്രവര്‍ത്തനം. ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ നിരവധി പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്. മാന്യമായ പെരുമാറ്റവും നീതിപൂര്‍വകമായ തൊഴില്‍ അന്തരീക്ഷവും എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. സ്ഥിരം അധ്യാപകര്‍ക്ക് ലഭിക്കുന്ന നീതിപൂര്‍വകമായ അവകാശങ്ങള്‍ ദിവസവേതനക്കാര്‍ക്കും ഉറപ്പാകേണ്ടതുണ്ട്. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
















