സ്‌റ്റോക്‌ഹോം :ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കെയ്‌ക്ക്. വിനാശകരമായ ചരിത്രസന്ധികളെക്കുറിച്ചുള്ള എഴുത്തില്‍പ്പോലും കലയുടെ ശക്തിയെന്തെന്ന് കാട്ടുന്ന രചനകളാണ് ലാസ്ലോയുടേതെന്ന് നൊബേല്‍ സമിതി ചൂണ്ടിക്കാട്ടി.
2015 മുതല്‍ നൊബേലിനായി സാധ്യത കല്‍പിച്ചിരുന്ന ലാസ്ലോയെത്തേടി പുരസ്‌കാരമെത്തുന്നത് 71ാം വയസിലാണ്. കാലത്തെയും അതിര്‍ത്തികളെയും ഭേദിക്കും വിധം എഴുത്തില്‍ രാഷ്‌ട്രീയം പ്രതിഫലിക്കണമെന്ന ചിന്താഗതിക്ക് ഉടമയായിരുന്നു ലാസ്ലോ. 1985ല്‍ ആദ്യനോവലായ സതാന്താങ്കോയിലൂടെ വരവറിയിച്ചു. ദ് മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, വാര്‍ ആന്‍ഡ് വാര്‍, സീബോ ദെയര്‍ ബിലോ, ദ് ലാസ്റ്റ് വൂള്‍ഫ് ആന്‍ഡ് ഹെര്‍മന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മധ്യയൂറോപ്പിലെ മഹാനായ എഴുത്തുകാരനാണ് ലസ്ലോ ക്രസ്നഹൊര്‍ക്ക് എന്ന് നൊബേല്‍ സമിതി അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ നോവലിസ്റ്റ് അമിതാഭ് ഘോഷും ജാപ്പനിസ് എഴുത്തുകാരന്‍ ഹറുകി മുറകാമിയും ആരാധകരുടെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു.
1954ല്‍ റൊമാനിയന്‍ അതിര്‍ത്തിക്ക് സമീപം തെക്കുകിഴക്കന്‍ ഹംഗറിയിലെ ഗ്യുല എന്ന ചെറുപട്ടണത്തിലാണ് ലാസ്ലോയുടെ ജനനം. ആദ്യ നോവലായ സാറ്റാന്‍ടാഗോ തന്നെ രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ ‘ഹെര്‍ഷ്റ്റ് 07769’ എന്ന കൃതി സ്വീഡിഷ് അക്കാദമി അവാര്‍ഡ് നേടി. 1.2 ദശലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സാഹിത്യ അവാര്‍ഡിനാണ് ‘ഹെര്‍ഷ്റ്റ് 07769’ അര്‍ഹമായത്.
















