അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തോട്ടപ്പള്ളി സ്വദേശിനിയായ യുവതിയെ അജ്മാനില്‍ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന് പരാതി. ചതിക്കപ്പെട്ട യുവതിയുടെ അമ്മ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആയുര്‍വേദ ആശുപത്രിയില്‍ ക്ലീനിങ് ജോലിയെന്നു പറഞ്ഞാണ് യുവതിയെ കാര്‍ത്തികപ്പള്ളി മഹാദേവികാട് കൊച്ചുചാലില്‍ താര സുരാന്‍ ആറു മാസം മുന്‍പ് അജ്മാനിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ സ്പായിലായിരുന്നു ജോലി. സെക്സ് റാക്കറ്റില്‍ യുവതിയെ കൈമാറാന്‍ ശ്രമം നടന്നു. ഈ വിവരം യുവതി ഇടയ്‌ക്ക് നാട്ടിലെ ബന്ധുക്കള്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.
ശാരീരികവും മാനസികവുമായ പീഡനത്തില്‍ മനോനില തെറ്റി തെരുവില്‍ അലയുകയായിരുന്ന യുവതിയെ സാമൂഹ്യ പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ ഷെല്‍ട്ടറിലേക്ക് മാറ്റുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. പ്രദേശത്തെ ജനപ്രതിനിധികളോട് ബന്ധുക്കള്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. ഒടുവില്‍ ബന്ധുക്കള്‍ ബിജെപി ഓഫീസില്‍ നേരിട്ടെത്തി വിവരം കൈമാറുകയും കേന്ദ്രമന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.
എംബസി അധികൃതര്‍ ഇടപെട്ട് ചികിത്സ ലഭ്യമാക്കി. മാനസിക പ്രശ്നങ്ങളുള്ളതിനാല്‍ ചികിത്സക്ക് ശേഷം മാത്രമേ യുവതിയെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ.
മകളെ വിദേശത്തു കൊണ്ടുപോയ താര സുരാന്‍ വിദേശത്തു വെച്ച് തന്നെ തന്റെ മകളെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപയും മൂന്നു പവന്റെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി നാട്ടിലേക്ക് പോന്നെന്നും, പിന്നീട് മകളെ നാട്ടിലെത്തിക്കാന്‍ ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും അമ്മ പറഞ്ഞു.
മകളെ ഈ അവസ്ഥയില്‍ എത്തിക്കാന്‍ കാരണക്കാരിയായ സ്ത്രീയെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമാണ് അമ്മ പറയുന്നത്. അമ്പലപ്പുഴ പോലീസ് എഫ്ഐആര്‍ എടുത്ത് അന്വേഷണം ആരംഭിച്ചു.
















