കൊച്ചി: അന്തരിച്ച ആർഎസ്എസ് മുൻ കേരള പ്രാന്ത സംഘചാലകൻ പി.ഇ.ബി. മേനോൻ 1939 ഫെബ്രുവരി 18-ന് ജനിച്ചു. കാലടി തലയാറ്റുമ്പിള്ളി മനയിലെ വിഷ്ണുനാരായണൻ നമ്പൂതിരിയുടെയും മാണിക്യമംഗലം പറയത്ത് കമലാക്ഷി കുഞ്ഞമ്മയുടെയും ഏഴുമക്കളിൽ മൂന്നാമത്തെ മകനായിരുന്നു. പറയത്ത് ഇരവി ബാലകൃഷ്ണ മേനോനാണ് പിന്നീട് പി.ഇ.ബി. മേനോൻ എന്നറിയപ്പെട്ടത്.
ആർഎസ്എസിന്റെ മുതിർന്ന പ്രചാരകനായിരുന്ന പി. മാധവൻജിയിലൂടെയാണ് മേനോൻ സാർ രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടത്. ക്ഷേത്രസംരക്ഷണ സമിതിയിലൂടെയായിരുന്നു ആദ്യ ബന്ധം. 1973-ൽ ആലുവ വിദ്യാധിരാജ സ്കൂളിന്റെ ഗീതാഭവൻ ട്രസ്റ്റിൽ മാധവജിയുടെ പ്രഭാഷണം കേട്ടതാണ് അദ്ദേഹത്തിന്റെ സംഘജീവിതത്തിലേക്കുള്ള വഴിത്തിരിവ്.
മാണിക്യമംഗലം എൻഎസ്എസ് സ്കൂളിലും കാലടി ശ്രീശങ്കര കോളേജിലുമായി (ബികോം) പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ സിഎ പഠിച്ചു. നാട്ടിലേക്ക് മടങ്ങിയതോടെ 1968 മുതൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ബാലൻ ആൻഡ് കമ്പനി സ്ഥാപിച്ച് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായി ഉയർന്നു.
1970-ൽ ആലപ്പുഴ തുറവൂർ മേക്കായി മഠത്തിൽ വിജയലക്ഷ്മിയെയാണ് വിവാഹം ചെയ്തത്. മകൻ വിഷ്ണുപ്രസാദ്, മകൾ വിഷ്ണുപ്രിയ. മരുമക്കൾ അനുപമയും രാജേഷും.
ശ്രീവിദ്യേോപാസകനായ പി.ഇ.ബി. മേനോൻ രാമേശ്വരത്ത് സരോജാബായ് ജോഷി എന്ന ആത്മീയ ആചാര്യനിൽ നിന്നാണ് ശ്രീവിദ്യോപാസനയിൽ മന്ത്രദീക്ഷ സ്വീകരിച്ചത്. ആത്മീയതയും സംഘടനാപ്രവർത്തനവും സമന്വയിപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്.
— എൻ.പി. സജീവ്
















