കോഴിക്കോട്: താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപിന്റെ മകള്‍ അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടി മരിക്കാന്‍ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ആണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞുവെന്ന് സനൂപിന്റെ ഭാര്യ രംബീസ പറഞ്ഞിരുന്നു. അതേസമയം അനയയുടെ രാസ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ടെന്ന് പൊലീസും അറിയിച്ചു.
അനയയ്‌ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനെ സനൂപ് വെട്ടിയത്. തലയ്‌ക്ക് വെട്ടേറ്റ ഡോ. വിപിന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ അറസ്റ്റിലായ സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ഒപ്പം ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
















