തിരുവനന്തപുരം: ശബരിമലയെ കൊള്ളയടിച്ചവരില്‍ കോണ്‍ഗ്രസും പിന്നിലല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്റെ കാലത്ത് നടത്തിയ അഴിമതികള്‍ തന്നെ നിരവധിയാണ്.
ഒരുകോടി 87 ലക്ഷത്തിന് പാത്രം വാങ്ങിയ അഴിമതിയില്‍ നടപടി നേരിട്ടത് വി.എസ്. ശിവകുമാറിന്റെ സഹോദരനും ദേവസ്വം സെക്രട്ടറിയുമായ വി.എസ്. ജയകുമാറാണ്. 2013-14 മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ആവശ്യത്തിലധികം പാത്രങ്ങള്‍ ഉള്ളപ്പോള്‍ പുതിയവ വാങ്ങിയത് അന്യായമാണെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. എക്‌സി. ഓഫീസറില്‍ നിന്ന് തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശിപാര്‍ശ ചെയ്തു. തുടര്‍ന്നായിരുന്നു നടപടിയും കേസും. വി.എസ്. ജയകുമാര്‍ കേസില്‍ ഒന്നാം പ്രതിയാണ്.
2005ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പമ്പയില്‍ നിര്‍മിച്ച ബെയ്‌ലി പാലവും അതിലെ അഴിമതിയുമാണ് മറ്റൊന്ന്. 3.15 കോടി മുടക്കി പണിത ബെയ്‌ലി പാലം ഇന്നും ശബരിമലയില്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. പാലം പണിതതില്‍ ബാക്കിവന്ന സാധനങ്ങള്‍ ജോധ്പൂരില്‍ എത്തിക്കാന്‍ 15 ലക്ഷം വേറെ ചെലവായി. സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ മറവില്‍ നിലയ്‌ക്കലും പമ്പയിലും 305 ഏക്കര്‍ വനഭൂമി ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നല്കിയ 7.5 കോടി അഡ്വാന്‍സ് തുകയും എവിടെപ്പോയിയെന്നതില്‍ വ്യക്തതയില്ല.
അതിനെക്കാള്‍ വലിയ അഴിമതിക്കായിരുന്നു ഉണ്ണികൃഷ്ണ പണിക്കരെ എത്തിച്ചുള്ള ദേവപ്രശ്‌നം. ഭസ്മക്കുളവും കെട്ടിടങ്ങളും മാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അഴിമതിക്ക് വേണ്ടിയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. അയ്യപ്പ വിഗ്രഹത്തില്‍ സ്ത്രീസ്പര്‍ശം എന്നത് അടക്കമുള്ള ദേവപ്രശ്‌നം ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് എത്തിയത്. കൂടാതെ ആന്ധ്രയില്‍ നിന്നും ശര്‍ക്കര വാങ്ങിയതും ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ 1.65 കോടി ചെലവഴിച്ച് നിര്‍മിച്ച കൊടിമരത്തിലെ നാല് കിലോ സ്വര്‍ണത്തിന്റെ അഴിമതിയുമടക്കം നിരവധി തീവെട്ടിക്കൊള്ളകളാണ് കോണ്‍ഗ്രസ് ഭരണകാലത്ത് നടന്നത്.
















