ന്യൂദല്‍ഹി: ബിജെപി അനുകൂല നിലപാടുള്ള ആനന്ദ് രംഗനാഥനും സായി ദീപകും ചേര്‍ന്ന് കോണ്‍ഗ്രസ് ബുദ്ധിജീവികളായി അറിയപ്പെടുന്ന മണിശങ്കര്‍ അയ്യരെയും സല്‍മാന്‍ ഖുര്‍ഷിദിനെയും ഉത്തരംമുട്ടിക്കുന്ന സംവാദം വൈറലായി പ്രചരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വിമര്‍ശിക്കുന്ന ഡോക്യുമെന്‍ററിയുമായി ബിബിസി വന്നെങ്കിലും തങ്ങള്‍ ആ ബിബിസി ഡോക്യുമെന്‍ററി നിരോധിച്ചില്ലെന്നും മാധ്യമസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആയിരുന്നു ചര്‍ച്ചയില്‍ മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും വാദിച്ചത്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും ഗുജറാത്ത്കലാപത്തെയും കുറിച്ച് നുണകള്‍ നിറച്ച ബിബിസി ഡോക്യുമെന്‍ററി നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കാനായിരുന്നു മണിശങ്കര്‍ അയ്യര്‍ ശ്രമിച്ചത്.
വിദേശമാധ്യമങ്ങള്‍ ഇന്ത്യയെ വിമര്‍ശിച്ചാലും നമ്മള്‍ അസ്വസ്ഥരാകാതെ ആത്മവിശ്വാസത്തോടെ മൗനം പാലിക്കണമെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. അങ്ങേയറ്റം വിമര്‍ശനങ്ങള്‍ ഇന്ത്യയെക്കുറിച്ച് ഉയര്‍ന്നാലും സഹിഷ്ണുതയോടെ കയ്യും കെട്ടി ഇരിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിമന്‍മോഹന്‍സിങ്ങിനെതിരായ ബിബിസി ഡോക്യുമെന്‍ററി കോണ്‍ഗ്രസ് വിലക്കിയില്ലായിരിക്കാം, പക്ഷെ രണ്ടു വര്‍ഷത്തോളം ബിബിസിയെ തന്നെ നിരോധിച്ചവരാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്ന സത്യം ആനന്ദ് രംഗനാഥന്‍ വെളിപ്പെടുത്തിയപ്പോള്‍ കേള്‍വിക്കാരായ വിദ്യാര്‍ത്ഥികളുടെ സംഘം ഉറക്കെ കയ്യടിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥക്കാലത്ത് എല്ലാ മാധ്യമങ്ങളെയും നിരോധിക്കുകയായിരുന്നുവെന്നും ആനന്ദ് രംഗനാഥന്‍ പറഞ്ഞു.
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. നിങ്ങള്‍ക്ക് യുവാക്കളെ ഇനിവിഡ്ഡികളാക്കാന്‍ കഴിയില്ല. നമ്മള്‍ കാണുന്നതാണ് സത്യമെന്ന് ഒരു കാലത്ത് നമ്മള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ നമ്മള്‍ കാണുന്നതിനെ പല രീതിയില്‍ വാക്കുകളിലൂടെ അവതരിപ്പിച്ച് അവരുടേതായ ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ് പലരും. അതുകൊണ്ട് പല ജേണലിസ്റ്റുകളും വസ്തുനിഷ്ഠമായി സത്യത്തെ കാണാന്‍ ശ്രമിക്കുന്നവരല്ല. പകരം അവരുടേതായ നിറങ്ങളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്. അതുകൊണ്ടാണ് വിദേശമാധ്യമങ്ങളില്‍ വരുന്ന നുണകളെ നമ്മള്‍ എതിര്‍ക്കുന്നത്. – ആനന്ദ് രംഗനാഥന്‍ വിശദീകരിച്ചു.
ബോഫോഴ്സ് തോക്ക് ഇടപാടില്‍ രാജീവ് ഗാന്ധിയുടെ കാലത്തുണ്ടായ അഴിമതിയെക്കുറിച്ച് എഴുതിയ ഇന്ത്യന്‍ എക്സ്പ്രസിന്റെ ചിത്ര സുബ്രഹ്മണ്യത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്വാസംമുട്ടിച്ചത് മറക്കാനാവില്ലെന്നും ആനന്ദ് രംഗനാഥന്‍ പറഞ്ഞു.
















