തിരുവനന്തപുരം : ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി ഫയലുകള്‍ ശേഖരിച്ചു.സ്വര്‍ണപ്പാളികളുടെയും കട്ട്‌ളയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ണായക ഫയലുകളാണ് ശേഖരിച്ചത്.
ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് സി ഐമാരാണ് ബുധനാഴ്ച വൈകിട്ടോടുകൂടി ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.
വെള്ളിയാഴ്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു നടത്തിയ ഇടപെടലുകളുടെ തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷവും ദ്വാരപാലക ശില്‍പ്പം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടന്നിരുന്നു.എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് നീക്കം തടഞ്ഞു.അതേസമയം തന്റെ നിര്‍ദേശാനുസരണമല്ല 2019-ല്‍ ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ അറ്റകുറ്റപ്പണിയ്‌ക്കായി കൊണ്ടുപോയതെന്ന് ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര് വെളിപ്പെടുത്തി.
















