കൊൽക്കത്ത : ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷാ ആക്ടിംഗ് പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത് എന്നാണ് മമതയുടെ പരാതി . നുഴഞ്ഞുകയറിയ ബംഗാളികളെ ഇന്ത്യയിൽ നിന്ന് നിർദാക്ഷിണ്യം പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞതിനു പിന്നാലെയാണ് മമതയുടെ പ്രസ്താവന.വെള്ളപ്പൊക്കത്തിൽ തകർന്ന വടക്കൻ ബംഗാളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമത .
‘ ബിജെപി വളരെ അപകടകാരിയായ പാർട്ടിയാണ്. അമിത് ഷാ ആക്ടിംഗ് പ്രധാനമന്ത്രിയെപ്പോലെയാണ് പ്രവർത്തിക്കുന്നത് . പക്ഷേ പ്രധാനമന്ത്രിക്ക് എല്ലാം അറിയാം. അവരുടെ നേതാവ് ബംഗാളിൽ വന്ന് ഒരു ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിക്കുറയ്‌ക്കുമെന്ന് പറയുന്നു! 15 ദിവസത്തിനുള്ളിൽ ഇത്രയും പ്രകൃതി ദുരന്തത്തിനിടയിൽ, ഇത്രയും മഴക്കാലത്തും ഉത്സവക്കാലത്തും SIR നടത്താൻ കഴിയുമോ? EC ബിജെപി പാർട്ടിയുടെ കമ്മീഷനോ അതോ ജനങ്ങൾക്ക് ജനാധിപത്യ അവകാശങ്ങൾക്കായുള്ള കമ്മീഷനോ? ഇതെല്ലാം അമിത് ഷായുടെതാണോ “ എന്നും മമത ചോദിച്ചു.















