തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സഭയില്‍ സംഘർഷാവസ്ഥ. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ ചോദ്യോത്തര വേളയ്‌ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വച്ചു. ഇതിനു പിന്നാലെ, വിഷയം ചര്‍ച്ച ചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് സ്പീക്കര്‍ക്ക് വേണ്ടി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ പ്രതിഷേധത്തില്‍ സ്പീക്കര്‍ ക്ഷുഭിതനായി. ചൊവ്വാഴ്ച സഭയുടെ ഗാലറിയില്‍ വിദ്യാര്‍ഥികള്‍ നിറഞ്ഞിരിക്കുമ്പോഴാണ് സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതാണോ കുട്ടികള്‍ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബഹളത്തിനിടയില്‍ ‘ചോര്‍ ഹേ, ചോര്‍ ഹേ, മുഴുവന്‍ ചോര്‍ ഹേ’ എന്ന് പ്രതിപക്ഷത്തെ മന്ത്രി വി. ശിവന്‍കുട്ടി ആക്ഷേപിക്കുകയും ചെയ്തു. സഭ തടസപ്പെടുത്തി അതില്‍ ആഹ്ലാദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ലെവല്‍ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
















