തൊടുപുഴ : കടുത്ത വയറുവേദനയും ആവർത്തിച്ചുള്ള ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയ്‌ക്കായി എത്തിയ പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ വയറിൽ നിന്നും നീക്കം ചെയ്തത് വലിയ മുടി ചുരുൾ. തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് ഓപ്പറേഷൻ നടന്നത്.
വയറു വേദനയുമായി എത്തിയ പെൺകുട്ടിയെ സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനകൾക്ക് വിധേയയാക്കി. തുടർന്ന് നടത്തിയ വിശകലനത്തിൽ ആമാശയത്തിനപ്പുറം ഡുവോഡിനത്തിലേക്കും ജെജുനത്തിലേക്കും വ്യാപിക്കുന്ന ഒരു വലിയ ട്രൈക്കോബെസോവർ (മുടി ചുരുൾ )കണ്ടെത്തി. ഇതിനെ തുടർന്ന് ലാപ്രോസ്കോപ്പിക്, എൻഡോസ്കോപ്പിക് സഹായത്തോടെ മുടി മുഴുവൻ നീക്കം ചെയ്യുകയായിരുന്നു. മുഴുവൻ മുടിയും ഒറ്റ കഷണമായാണ് നീക്കം ചെയ്തത്.
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജേക്കബ് ജോസഫ്, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ ഡോ. ജി. ഗോപകുമാർ, അനസ്തേഷ്യ വിഭാഗം ഡോ. ഉഷ , ഡോ.തോമസ് , ഡോ.വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി സുഖം പ്രാപിച്ചുവരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
















