ആലപ്പുഴ:കസ്റ്റഡി മര്‍ദന പരാതിക്ക് പിന്നാലെ ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍ മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റി. കോന്നി എസ്.എച്ച് ഒ ആയിരിക്കുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഹൈക്കോടതി മധുബാബുവിന് നോട്ടീസ് അയച്ചിരുന്നു.
വിവിധ ജില്ലകളില്‍ നിന്നും സമാന രീതിയില്‍ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം.മധു ബാബുവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോട് നല്‍കിയ ഹര്‍ജിയില്‍ മധുബാബുവിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മധു ബാബുവിനെതിരായ നടപടിയില്‍ പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് മടക്കിയ ശേഷം പുതിയ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ക്രമസമാധാന ചുമതലയില്‍ നിന്നും മധു ബാബുവിനെ മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന ബിജു വി നായര്‍ ആലപ്പുഴ ഡിവൈഎസ്പിയാകും.
കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മര്‍ദിച്ച് ശരീരത്തില്‍ ചൊറിയണം തേച്ച സംഭവത്തില്‍ 2024 ഡിസംബറില്‍ ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി മധു ബാബുവിനെ ഒരു മാസം തടവിനും 1000 രൂപ പിഴും ശിക്ഷിച്ചിരുന്നു.മധു ബാബു കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ആണ് .
















