പാലക്കാട്: കെഎസ്ആര്‍ടിസിയുടെ പുതിയ ബാംഗ്ലൂര്‍ എസി ബസ് സര്‍വ്വീസ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത സംഭവത്തെ പരിഹസിച്ച് ബിജെ പി. രാഹുലിന്റെ പ്രവൃത്തി ഒളിസേവയെന്ന് ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് വിമര്‍ശിച്ചു. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത് ഇരുട്ടിന്റെ മറവില്‍ ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. വിവാദങ്ങള്‍ക്കു ശേഷം പാലക്കാട് ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പങ്കെടുത്ത ഔദ്യോഗിക പരിപാടിയാണ് ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ്. അതീവ രഹസ്യമായാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍ക്കാര്‍ പരിപാടിയായിരുന്നിട്ടും ഡിവൈഎഫ്ഐയ്‌ക്കു പോലും വിവരം ലഭിച്ചില്ല. രാഹുല്‍ പൊതു പരിപാടിയില്‍ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും ധൈര്യമുണ്ടെങ്കില്‍ എല്ലാവരെയും അറിയിച്ച് പരിപാടികളില്‍ പങ്കെടുക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീനും ഇതേക്കുറിച്ചു പറഞ്ഞു.
















