പാലക്കാട്: ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന് ഗവ. മെഡിക്കല്‍ കോളേജ് ടീച്ചര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ സംഘടന ശക്തമായ പ്രതിഷേധം അറിയിച്ചു.
ഡോക്ടര്‍മാര്‍ക്ക് യാതൊരു ചികിത്സാപ്പിഴവും ഉണ്ടായിട്ടില്ലെന്നും സാധ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ രണ്ട് വിദഗ്ധസമിതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയില്‍ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് നാളിതുവരെ പുറപ്പെടുവിച്ചിട്ടുമില്ലെന്നുമാണ് സംഘടനയുടെ വാദം. ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ സേവനം നല്‍കുന്നതിന് ഐപി എച്ച് എസ് നിലവാരത്തിലുള്ള മാനവവിഭവ ശേഷിയോ, അടിസ്ഥാന സൗകര്യങ്ങളോ സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ലഭ്യമാക്കിയിട്ടില്ല.
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെക്കുറിച്ച് 2024 ല്‍ പുറത്തിറങ്ങിയ സി എ ജി റിപ്പോര്‍ട്ട് ഇക്കാര്യം അടിവരയിടുന്നുണ്ട്. തന്നെയുമല്ല ഡോക്ടര്‍ – രോഗി അനുപാതവും നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
















