കൊച്ചി: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന് ഒട്ടേറെ ആളുകള്‍ ഇമെയില്‍ അയക്കുമെന്നും അത് സ്വാഭാവികമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും എല്ലാം അന്വേഷണത്തില്‍ തെളിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
എ പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. 2019 ജൂലായ് മാസത്തിലാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത്.ഇതിന് ഒരുമാസം മുമ്പ് പോറ്റി യാഹൂ അക്കൗണ്ടില്‍ നിന്ന് എ പത്മകുമാറിന് അയച്ച ഇ മെയില്‍ സന്ദേശം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇതില്‍ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ചോദിക്കുന്നുണ്ട്.
പിന്നാലെ സ്വര്‍ണപാളികള്‍ ബോര്‍ഡ് പോറ്റിക്ക് കൈമാറുകയായിരുന്നു.ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ പോറ്റിക്ക് അനുമതി നല്‍കിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹതയയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങള്‍ സമയമുണ്ടെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഇടക്കാല റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിക്ക് കൈമാറിയത്.
സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോ എന്നതടക്കം അന്വേഷണ പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കി.
















