ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച അത്യൂഗ്രന്‍ അറ്റാക്ക് ഹെലികോപ്റ്ററായ പ്രചണ്ഡിനായി കാത്തിരിക്കുന്നത് രണ്ടു രാജ്യങ്ങള്‍. പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. നൈജീരിയയും ഫിലിപ്പൈന്‍സുമാണ് പ്രചണ്ഡിന്റെ ആവശ്യക്കാര്‍.
നിലവില്‍ നൈജീരിയന്‍ സൈന്യം ഉപയോഗിക്കുന്നത് സോവിയറ്റ് കാലത്തെ എംഐ-35 എസ് ഹെലികോപ്റ്ററാണ്. കാലപ്പഴക്കം ചെന്ന ഈ ഹെലികോപ്റ്ററുകള്‍ മാറ്റി സേനയെ നവീകരിക്കുന്നതിനാണ് നൈജീരിയ ഭാരതത്തിന്റെ പ്രചണ്ഡ് വാങ്ങുന്നത്. ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈല്‍ വാങ്ങിയ ഫിലിപ്പൈന്‍സും പ്രചണ്ഡ് എത്രയും പെട്ടെന്ന് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ഫിലിപ്പൈന്‍സ് തങ്ങളുടെ രാജ്യത്ത് പ്രചണ്ഡിന്റെ അസംബ്ലി ലൈന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
5,000 മീറ്റര്‍ ഉയരത്തില്‍ ലാന്‍ഡ് ചെയ്യാനും ടേക്ക്ഓഫ് ചെയ്യാനും ശേഷിയുള്ള ലോകത്തിലെ ഏക അറ്റാക് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. 15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകും.
ഉയരമുള്ള പ്രദേശങ്ങളില്‍ ശത്രുക്കള്‍ക്കെതിരെ പോരാടാനും, ടാങ്കുകള്‍, ബങ്കറുകള്‍, ഡ്രോണുകള്‍ എന്നിവയെ നിമിഷനേരംകൊണ്ട് തകര്‍ക്കാനും പ്രചണ്ഡിനാകും. 12.7 എംഎ വരെയുള്ള ബുള്ളറ്റുകളേയും ഹെലികോപ്റ്റര്‍ പ്രതിരോധിക്കും. 110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം തോക്കുകള്‍, 70 എംഎം റോക്കറ്റ് ലോഞ്ചറുകള്‍, എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ്, ആന്റി ടാങ്ക് മിസൈലുകളും ഉള്‍പ്പെടെ അത്യാധുനിക ആയുധശേഷിയും ഹെലികോപ്റ്ററിനുണ്ട്.















