കൊച്ചി: മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ ‘സിഎം വിത്ത് മി’ എന്ന പേരില്‍ കഴിഞ്ഞദിവസം ആരംഭിച്ച സര്‍ക്കാരിന്റെ പുതിയ ജന സമ്പര്‍ക്ക പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്കു വിളിക്കുന്നതിനുള്ള ടോള്‍ ഫ്രീ നമ്പറില്‍ കോള്‍ കണക്ട് ആകുന്നില്ലെന്നു വ്യാപക പരാതി.
24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണെന്ന് അറിയിച്ച് ആരംഭിച്ച സിറ്റിസണ്‍ കണക്ട് സെന്ററിനെതിരെയാണ് പരാതികള്‍ ഉയരുന്നത്. ടോള്‍ ഫ്രീ അല്ലെങ്കില്‍ ഇ മെയില്‍ അറ്റ് സിഎം വിത്ത് മി എന്നതിലേക്ക് പരാതികള്‍ അയച്ചാലും 48 മണിക്കൂറിനുള്ളില്‍ കോള്‍ സെന്ററില്‍ നിന്ന് തുടര്‍ നടപടി വിവരങ്ങള്‍ പരാതിക്കാരെ അറിയിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
പരാതികള്‍ പരിഹരിക്ക പ്പെടുമെന്ന പ്രതീക്ഷയില്‍ ഓരോ മണിക്കൂറിലും നൂറുകണക്കിന് ആളുകളാണ് കോള്‍ സിറ്റിസണ്‍ സെന്ററിലേക്ക് വിളിച്ചു നിരാശരാവുന്നത്.
ടോള്‍ ഫ്രീ നമ്പറില്‍ ദിവസങ്ങളോളം ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ പലരും ഇ മെയില്‍ വഴിയാണ് ഈ സംവിധാനത്തിലേക്ക് പരാതി നല്‍കിയത്. പരിഹാരം ഉറപ്പാണ് എന്ന സര്‍ക്കാരിന്റെ അവകാശവാദം കേട്ട് പരാതി നല്‍കിയവര്‍ക്ക് ടോക്കണ്‍ നമ്പര്‍ ഇ മെയില്‍ വഴി കിട്ടിയതല്ലാതെ മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പൊതുജന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പാലക്കാട് സ്വദേശി നല്‍കിയ വ്യത്യസ്തങ്ങളായ മൂന്നു പരാതികള്‍ക്കും ടോക്കണ്‍ നമ്പര്‍ മാത്രമാണ് കിട്ടിയത്. ഇതുവരെയും പരാതി യുടെ തുടര്‍ നടപടി സംബന്ധിച്ച് മറ്റ് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു പരാതി ക്കാരന്‍ അറിയിച്ചു.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്ന തിനാവശ്യമായ നിര്‍ദേശങ്ങളും പൊതുജന പരാതി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് സി എം വിത്ത് മി എന്ന നൂതന സംവിധാനം തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ നടത്തിപ്പും മേല്‍നോട്ടവും പൊതുജന സമ്പര്‍ക്കവും പഞ്ചായത്ത് റവന്യൂ വകുപ്പാണ് ഉറപ്പാക്കുന്നത്. ഈ പരിപാടിയുടെ പ്രചാരണത്തിന് പിആര്‍ഡിക്ക് 20 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
നവകേരള സദസ് പോലെ സാമ്പത്തിക ധൂര്‍ത്തിനുള്ള മറ്റൊരു പരിപാടിയാണിതെന്നാണ് പൊതുവെയുള്ള ആരോപണം.
















