തൃശൂർ: പുതുക്കാട് അച്ഛനെ കൊടുവാൾകൊണ്ട് വെട്ടിയെ ശേഷം വീടിന് മുകളിൽ ഒളിച്ചിരുന്ന് നാട്ടുകാരെ വട്ടം കറക്കിയ മകൻ പോലീസിന് മുന്നിൽ കീഴടങ്ങി. നീണ്ട അഞ്ച് മണിക്കൂറിന് ശേഷമാണ് പോലീസിന് മുന്നിൽ കീഴടങ്ങിയത്. മുത്രത്തിക്കര ശിവക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന മേക്കാടന്‍ വീട്ടില്‍ 68 വയസുള്ള ശിവനെയാണ് മകന്‍ വിഷ്ണു (34) വെട്ടിയത്. കഴുത്തിന് വെട്ടേറ്റ ശിവനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വിഷ്ണു വീട്ടിൽ മന്ത്രവാദം നടത്തിയതിന്റെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പൂജാകര്‍മങ്ങള്‍ നടന്നിരുന്ന മുറിയ്‌ക്കകത്ത് കോഴി, മദ്യം എന്നിവയും വിവിധ തരം ആയുധങ്ങളും പോലീസ് കണ്ടെത്തി. മാതാപിതാക്കളെ വീട്ടിലേക്ക് കടക്കാന്‍ അനുവദിക്കാതിരുന്ന വിഷ്ണു 40 ദിവസത്തോളമായി ഒറ്റയ്‌ക്ക് താമസിച്ച് വീടിനകത്ത് ആഭിചാരക്രിയകള്‍ നടത്തിവരികയായിരുന്നുവെന്നാണ് സൂചന.
ശനിയാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. മകളുടെ വീട്ടിലായിരുന്ന ശിവൻ ലൈഫ് പദ്ധതിക്ക് പഞ്ചായത്തിൽ സമർപ്പിക്കാനുള്ള രേഖകൾ എടുക്കുന്നതിനായി ഭാര്യ ലതികയ്‌ക്കും ഒരു ബന്ധുവിനുമൊപ്പം വീട്ടിലെത്തിയതായിരുന്നു. എന്നാൽ മകൻ വിഷ്ണു ഇവരെ വീടിനുള്ളിലേക്ക് കടക്കാൻ അനുവദിച്ചില്ല. രേഖകൾ തിരഞ്ഞിട്ടും കിട്ടാതായതോടെ അവയെല്ലാം കിണറ്റിലിട്ടതായി വിഷ്ണു പറഞ്ഞു. വീട്ടുകാര്‍ നോക്കിയപ്പോള്‍ വസ്ത്രങ്ങളും രേഖകളും കിണറ്റില്‍ കിടക്കുന്നത് കണ്ടു. പ്രകോപിതനായ ശിവന്‍ ദേഷ്യപ്പെട്ട് വിഷ്ണുവുമായി വഴക്കും വാക്കേറ്റവുമുണ്ടായി.
















