മുംബൈ: നവീ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (എൻഎംഐഎ) ആദ്യ ഘട്ടം ഉദ്ഘാടനം ഒക്‌ടോബർ 8ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകൊണ്ട് നിർവഹിക്കും.
19,647 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ അത്യാധുനിക ഗ്രീൻഫീൽഡ് വിമാനത്താവളം നിലവിലുള്ള ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ശേഷം മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ രണ്ടാമത്തെ പ്രധാന വിമാനത്താവളമായിരിക്കും.
നവീ മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിച്ചേക്കും. സെപ്തംബർ 30 ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് വിമാനത്താവളത്തിന് എയറോഡ്രോം ലൈസൻസ് ലഭിച്ചു.
പദ്ധതിയുടെ വികസനം നവീ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പല ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇതിൽ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന്റേതും ബാക്കി 26 ശതമാനം മഹാരാഷ്‌ട്ര സർക്കാരിന്റെ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (സിഐഡ്‌സിഒ) ഉടമസ്ഥതയിലുള്ളതുമാണ്.
‘മഹാ മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളം നവീ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും,’ സിഡ്‌കോ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് സിംഗാൾ ഒരു മാധ്യമസമ്മേളന വേളയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
1,160 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന് പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതും 3.25 ദശലക്ഷം മെട്രിക് ടൺ കാർഗോ ശേഷിയുള്ളതുമായ നാല് ടെർമിനലുകൾ ഉണ്ടാകും, ഇത് ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നായി മാറും.
‘തുടക്കത്തിൽ, പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന, 0.8 ദശലക്ഷം മെട്രിക് ടൺ കാർഗോ ശേഷിയും ഒരു റൺവേയുമുള്ള ടെർമിനൽ ഒന്ന് ഞങ്ങൾ പൂർത്തിയാക്കി,’ യെന്ന് സിംഗാൾ പറഞ്ഞു.
നിലവിൽ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം പ്രതിവർഷം ഏകദേശം 55 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നു. എൻഎംഐഎ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ, രണ്ട് വിമാനത്താവളങ്ങളും ചേർന്ന് പ്രതിവർഷം ഏകദേശം 150 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും.
ഒന്നാം ഘട്ടത്തിൽ 19,647 കോടി രൂപ ചെലവഴിച്ചു, നാല് ടെർമിനലുകളുടെയും പൂർത്തീകരണത്തിന്റെ ആകെ ചെലവ് ഒരു ലക്ഷം കോടി രൂപയിലെത്തും.
എക്‌സ്പ്രസ് വേകൾ, ഹൈവേകൾ, മെട്രോ ലൈനുകൾ, സബർബൻ റെയിൽ, വാട്ടർ ടാക്‌സി സേവനങ്ങൾ എന്നിവയാൽ പോലും ബന്ധിപ്പിക്കപ്പെടുന്ന ഭാരതത്തിലെ ആദ്യത്തെ എയറോഡ്രോം കൂടിയായിരിക്കും നവീ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം.
















