രാജ്യത്തിനായി ജീവൻ വെടിഞ്ഞ ജവാന്റെ സഹോദരിയുടെ വിവാഹം നടത്താനെത്തി ഇന്ത്യൻ സൈനികർ . സഹോദരന്റെ സ്ഥാനത്ത് നിന്ന് വധുവിനെ ആനയിച്ചതും, ചടങ്ങുകൾക്ക് നേതൃത്വം നൽകിയതുമെല്ലാം സൈനികർ തന്നെ. സിർമൂർ ജില്ലയിലെ ഭാർലി എന്ന ഗ്രാമത്തിലെ ആരാധനയാണ് സൈനികരുടെ മധ്യത്തില്‍ വിവാഹിതയായത്. 2024-ൽ അരുണാചൽ പ്രദേശിൽ നടന്ന ഓപ്പറേഷൻ അലേർട്ടിനിടെയാണ് ഹിമാചൽ സ്വദേശിയായ ആശിഷ് വീരമൃത്യു വരിച്ചത്.
ആശിഷ് കുമാറിന്റെ റെജിമെന്‍റിലെ ജവാന്മാരും വിമുക്തഭടന്മാരുമാണ് സഹോദരന്റെ ചുമതലകള്‍ നിര്‍വഹിക്കാനായി അദ്ദേഹത്തിന്റെ പെങ്ങളുടെ വിവാഹത്തിലേക്ക് എത്തിയത്. വിവാഹസമ്മാനമായി ആരാധനയുടെ പേരില്‍ നല്ലൊരു തുകയും ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചു. വിവാഹശേഷം ആരാധനയെ വരന്റെ വീട് വരെ അനുഗമിക്കുക കൂടി ചെയ്തിട്ടാണ് ജവാന്മാര്‍ മടങ്ങിയത്. പട്ടാളവേഷത്തില്‍ ആരാധനയുടെ വിവാഹം നടത്തുന്ന ജവാന്മാരുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
















