പാലക്കാട്: എന്റെ കൈ കാണാനില്ല…എന്റെ കൈകാണാനില്ല…എന്റെ കൈമുറിച്ചു…ഇനിയെങ്ങനെ എഴുതും…എന്നുപറഞ്ഞ് കരയുന്ന ഒമ്പതു വയസുകാരിയുടെ കരച്ചിലിന് മറുപടി പറയേണ്ടത് സര്‍ക്കാര്‍. നമ്പര്‍ വണ്‍ എന്ന് വാതോരാതെ അവകാശപ്പെടുന്ന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്‌ക്കും തന്റെ ജീവിതം തന്നെ മാറിമറിഞ്ഞത് മനസിലാക്കാന്‍ ഈ കൊച്ചുകുട്ടിക്ക് അധികനേരം വേണ്ടിവന്നില്ല.
ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയെന്ന ഒമ്പതുകാരിയുടെ കരിച്ചിലിന് മുന്നില്‍ മറുപടി പറയാനാവാതെ വീര്‍പ്പുമുട്ടുകയാണ് മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയും. നാട്ടുകാരുടെ പ്രിയങ്കരിയാണ് നാലാംക്ലാസുകാരിയായ കുക്കു. എന്നും തുള്ളിച്ചാടി നടക്കുന്ന പഠിക്കാന്‍ മിടുക്കിയായ വിനോദിനിയെ മാത്രമാണ് അധ്യാപകരും സഹപാഠികളും കണ്ടിട്ടുള്ളൂ.
30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ വിനോദിനിയുടെ ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയായിരുന്നു. കൈയിലെ പഴുപ്പ് മൂലം കുട്ടിക്ക് പനിയും ഉണ്ടായിരുന്നു. അന്ന് രാത്രി തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ബോധം വന്നയുടന്‍ കരച്ചില്‍ തുടങ്ങിയ വിനോദിനിയെ സമാധാനിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കൈമുറിച്ചിട്ടില്ലെന്നും, കെട്ടിവച്ചിരിക്കുകയാണെന്നും, പുതിയ കൈവയ്‌ക്കുമെന്നും ഉള്‍പ്പെടെ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോള്‍ അമ്മൂമ്മ ഓമന വിങ്ങിപ്പൊട്ടുകയായിരുന്നു.
















