ന്യൂദല്‍ഹി: മയൂര്‍വിഹാര്‍ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രം അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഷ്ണുസഹസ്രനാമ കോടി അര്‍ച്ചനക്ക് വേദിയാവുന്നു. വിഷ്ണു സഹസ്രനാമം ഒരു കോടി ഉരു ജപിച്ച് ഒപ്പം തന്നെ പുഷ്പാര്‍ച്ചന ചെയ്യുന്നതാണ് കോടി അര്‍ച്ചനയുടെ പ്രത്യേകത.
ആറ്മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന അര്‍ച്ചന യ്‌ക്ക് തന്ത്രി പുലിയന്നൂര്‍മന അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തില്‍ നിന്നെത്തുന്ന അന്‍പതോളം വരുന്ന പണ്ഡിതശ്രേഷ്ഠരും മഹായജ്ഞത്തിന്റെ ഭാഗമാകും. കോടി അര്‍ച്ചന നടക്കുന്ന നാളുകളില്‍ ഉദയാസ്തമന പൂജ, കലശാഭിഷേകം, സൂക്തപുഷ്പാഞ്ജലികള്‍ തുടങ്ങിയ വിശേഷാല്‍ പൂജകള്‍ക്കും തന്ത്രി കാര്‍മികത്വം വഹിക്കും.
കോടിയര്‍ച്ചന നടത്തുന്നതിനുള്ള യജ്ഞശാലയുടെ നിര്‍മാണം തച്ചുശാസ്ത്രവിധി പ്രകാരം പരമ്പരാഗത ശൈലിയില്‍ ക്ഷേത്രത്തിനു സമീപം പൂര്‍ത്തിയായി. യജ്ഞത്തിന് മുന്നോടിയായുള്ള ദീപജ്യോതി പ്രയാണം ഇന്നലെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് ആരംഭിച്ചു. ദല്‍ഹിയിലെ പ്രമുഖ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇന്ന് വൈകിട്ട് ദീപജ്യോതി പ്രയാണം ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെത്തും. യജ്ഞാരംഭത്തിന് മുമ്പായി ദിവസവും രാവിലെ വെള്ളിക്കലശത്തില്‍ പ്രത്യേകം തയാറാക്കിയ കളഭം നിറച്ച് യജ്ഞവേദിയില്‍ സ്ഥാപിക്കും. ഈ കലശത്തിലാണ് പുഷ്പാര്‍ച്ചന നടത്തുക.
ഒരു ദിവസത്തെ പൂജയ്‌ക്ക് ശേഷം ആ കലശം അടുത്തദിവസം രാവിലെ പന്തീരടി പൂജാവേളയില്‍ ശ്രീകോവിലിലെത്തിച്ച് ഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. 27 നക്ഷത്രങ്ങളിലും പൂജ നടക്കുന്നതിനാല്‍ ഭക്തര്‍ക്ക് സൗകര്യപ്രദമായ നാളുകളില്‍ വഴിപാടുകള്‍ നടത്താം. യജ്ഞവേളയില്‍ വാരാന്ത്യങ്ങളില്‍ വിവിധ കലാപരിപാടികളുമുണ്ടാകും. രാവിലെയും ഉച്ചയ്‌ക്കും അന്നദാനവുമുണ്ടാകും. സമാപന ദിവസമായ നവംബര്‍ 2ന് ദീപാരാധന വേളയില്‍ ഒരുലക്ഷം ദീപങ്ങള്‍ തെളിയിക്കും.
ഉത്തര ഭാരതത്തില്‍ ആദ്യമായാണ് വിഷ്ണു സഹസ്രനാമ കോടിയര്‍ച്ചന നടക്കുന്നതെന്ന് ആര്‍ഷ ധര്‍മപരിഷത്ത് പ്രസിഡന്റ് ഡോ. രമേശ് നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിയും നന്മയും ലക്ഷ്യമാക്കിയാണ് കോടിയര്‍ച്ചന സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രസമിതി വൈസ് പ്രസിഡന്റുമാരായ എം.വി. ഹരിദാസ്, സി.കെ. രാമചന്ദ്രന്‍, സെക്രട്ടറി സി. വേണുഗോപാലന്‍, ജോ. സെക്രട്ടറി ബാബു നമ്പ്യാര്‍, എക്സി. കമ്മിറ്റി അംഗങ്ങളായ ബാബു പണിക്കര്‍, കെ. രഘുനാഥ്, കെ. പ്രശാന്ത്കുമാര്‍, അനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ വ്യത്യസ്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കമുള്ളവരെയും ഈ അവസരത്തില്‍ ക്ഷേത്രദര്‍ശനത്തിന് ക്ഷണിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.uttaraguruvayurappan.org സന്ദര്‍ശിക്കുക.
















