ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. മനുഷ്യനിർമിതമായ ഒരു വലിയ ദുരന്തം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായെന്ന് ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിക്ക് കണ്ണുകൾ അടച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി കരൂരിലെ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ ആസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ചുമതല.
ദുരന്തവുമായി ബന്ധപ്പെട്ട് നടനും രാഷ്‌ട്രീയക്കാരനുമായ വിജയ്‌യുടെ പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് ചോദ്യം ചെയ്യുന്ന ഒരു റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ടിവികെ നേതാക്കളുടെ പെരുമാറ്റത്തെ ജസ്റ്റിസ് സെന്തിൽകുമാർ രൂക്ഷമായി വിമർശിച്ചു.ടിവികെ നേതാക്കൾ സംഭവസ്ഥലം ഉപേക്ഷിച്ചു എന്നും സംഭവത്തിന്റെ ധാർമ്മികമോ നിയമപരമോ ആയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം വിമർശിച്ചു.കോടതിക്ക് കണ്ണടച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
















