തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വിശ്വാസപൂർവം ഭക്തർ നടത്തുന്ന സമർപ്പണ ദ്രവ്യങ്ങൾ ‘മോഷ്ടിക്കുന്ന കാവൽക്കാർ’ വർധിക്കുമ്പോൾ സാമൂഹ്യ മാധ്യമത്തിലെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ക്ഷേത്രങ്ങൾക്ക് അതിൻ്റേതായ പവിത്രതയും സങ്കൽപ്പവും നൽകുന്ന പ്രത്യേകതകൾക്കപ്പുറം ആഡംബരങ്ങൾ അനാവശ്യമാണെന്നാണ് ആര്യലാൽ എന്നയാളുടെ ഫേസ്ബുക്കിലെ കുറിപ്പ്. അഥവാ സമർപ്പണം നടത്തിയാൽ അത് ഇന്നയാളുടെ വക എന്ന് എഴുതി വയ്‌ക്കുന്നത് സനാതനധർമ്മത്തിനും പ്രവാചകമത നീതിക്കും പോലും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഒന്നും എൻ്റേതല്ലെന്ന ആർഷ സങ്കല്പം അവതരിപ്പിച്ച മഹാകവി അക്കിത്തത്തിന്റെ കവിതയും ഉദാഹരിച്ചുള്ള കുറിപ്പ് ഗൗരവമായ ചർച്ചക്ക് വഴിയൊരുക്കുന്നതാണ്. അമ്പലം വിഴുങ്ങികളുടെ മുഖപടം അഴിഞ്ഞു വീഴുമ്പോൾ ഈ വിഷയം സാമൂഹ്യമാകുന്നു. ആര്യ ലാലിന്റെ കുറിപ്പ് ഇങ്ങനെ:
”
#എന്റെയല്ലീ_കൊമ്പനാനകൾ…..
ശ്രീകോവിലിന്റെ പൊന്നിൻ തിളക്കമല്ല,ദ്വാരപാലകന്റെ സ്വർണ്ണകവചങ്ങളുമല്ല, തിരുമുന്നിലെരിയുന്നൊരു ദീപനാളത്തിന്റെ ചൂടും വെളിച്ചവും ഉള്ളുരുക്കി ശുദ്ധമാക്കുമെന്ന വിശ്വാസം,ഭസ്മചന്ദനങ്ങളുടെ പ്രസാദവിശുദ്ധിയാൽ, നൈവേദ്യ പുഷ്പഭേദങ്ങളുടെ, ധൂപഗന്ധത്തിന്റെ അലൗകികാനുഭൂതിയാൽ വിശുദ്ധമാകാമെന്ന വിശ്വാസത്താൽ, എല്ലാത്തിനുമപ്പുറത്ത് ” ഗർഭ ഗൃഹത്തിലുണ്ടാശ്രിത വത്സലനിർഭരനായൊരാൾ എന്റെയായ് എന്റെയായ്….” എന്ന ദൃഢവിശ്വാസത്തിലാണ് കല്ലും മുള്ളും മെതിച്ച് മനുഷ്യൻ മല ചവിട്ടുന്നത്. ഓരോ ശ്രീകോവിലിലേക്കും പ്രതീക്ഷയോടെ നോക്കുന്നത്. അവിടെ ‘മൂർത്തിയേക്കാൾ വലിയ ശാന്തികൾ’ അവരെ അശാന്തരാക്കുകയേ ഉള്ളൂ.
ആരാണ് അമ്പലമായ അമ്പലമെല്ലാം അന്യൻ്റേതാക്കി മാറ്റിയത്?! എവിടെയും ഏതിലും ആരുടെയെങ്കിലും “വക” എന്നെഴുതിവച്ചത്? നാണമില്ലാതെ ‘കള്ളന്റെ പൊന്നു’ കൊണ്ട് സത്യവ്രതനായ മഹായോഗിക്ക് കൂരയും കാവലുമൊരുക്കിയത്? അയ്യപ്പന് ആ ‘മോഷണമുതലിന്റെ’ സഹവാസം തീർച്ചയായും പൊള്ളുന്നുണ്ടാവണം. “നാണം കെട്ടുണ്ടാക്കുന്ന പണം നാണക്കേട് തീർത്തോളു”മെന്നത് ഭണ്ഡാരക്കാവലുള്ള കള്ളൻമാർക്ക് ഇണങ്ങുമെങ്കിലും ധർമ്മ സ്വരൂപനായ അയ്യപ്പന് ചേരുകയില്ല. ‘ഭസ്മം’ പ്രസാദമായി ഇരിക്കുന്നിടത്താണ് പൊന്നിന്റെ മേൽക്കൂര! പൊന്നിന്റെ തന്നെ ദ്വാരപാലകർ! കള്ളനായ കള്ളുകച്ചവടക്കാരന്റെ ഔദാര്യം! ഭിത്തിയിൽ എഴുതി വച്ച ആ ‘ഒസ്യത്താണ്’ ഇന്ന് ശബരിമലയിലെ ഏറ്റവും വലിയ അശ്ലീലം.
എല്ലാക്ഷേത്രങ്ങളിലുമുണ്ട് നാണവും മാനവുമില്ലാത്ത സമ്പന്നതയുടെ ഇത്തരം അശ്ലീലങ്ങൾ. എല്ലാം “വക” കൾ ആക്കുന്ന തോന്ന്യവാസങ്ങൾ. ദരിദ്രന്റെ കാണിക്കയെ വിലയറ്റ ഓട്ടക്കാലണയാക്കുന്ന ദാനമാഹാത്മ്യം! ലോകാവസാനം കഴിഞ്ഞാലും ബാക്കി വരുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരീ ‘മഹിമ’ വായിച്ച് പുളകിതരാകണം എന്ന ദൃഢനിശ്ചയത്തിലാണീ അല്പപ്രമാണികൾ നടയിലും നാലമ്പലത്തിലും ‘വക’യും പേരുമെഴുതി അശ്ലീലമാക്കുന്നത്. “വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുത്” എന്ന സെമിറ്റിക് മര്യാദ പോലും ഈ മഹാവേദാന്തികൾക്കില്ല!
ഈ മുതലത്രയുമാണ് ‘ഓത്തു വായ’കൊണ്ട് മീനുമിറച്ചിയും ഇഷ്ടഭോജ്യമാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിമാരും കള്ളപ്പരിഷകളും കട്ടുകൊണ്ടു പോകുന്നത്. ‘കോഴിക്ക് കാവൽ കുറുക്കൻ’ എന്നതൊക്കെ വെറുതെ രൂപപ്പെട്ടു വരുന്ന ഒരു ശൈലിയല്ല. ദേവനും ദേവസ്വവുമൊക്കെ അതിലാകെ പുരണ്ടിരിപ്പുണ്ട്.
ആനപ്പുറത്തു നിന്നും തിടമ്പുമായിറങ്ങവേ വഴിതടഞ്ഞ് ആനവാൽ പറിച്ചു തരണം എന്നു പറഞ്ഞ കിടാങ്ങളോട് “എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ” എന്നു നിർമമനായി പറയുന്ന ‘പഴയ മേൽശാന്തി’യിൽ നിന്നു “ഐശ്വര്യത്തിന്റെ മുഖവാതിൽ” സിനിമാതാരത്തിന്റെ വീട്ടിലെത്തിച്ചു പൂജിക്കുന്ന കീഴ്ശാന്തിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി മാരിലേക്ക്, സ്വർണ്ണം ചെമ്പാക്കുന്ന രാസായനവിദ്യ അവർക്ക് കരാറെഴുതി കൊടുക്കുന്ന ദേവസ്വം ഭൂതങ്ങളിലേക്ക് വിശ്വാസം തലകുത്തി വീണുപോയി. കാണിക്കയും കൊണ്ട് ഭക്തൻ വരിവരിയായി ഇനിയുമിനിയും കാത്തു നിൽക്കുമ്പോൾ കള്ളന് ധൃതിയെന്തിന് ആശങ്കയെന്തിന്?!
മുഷിഞ്ഞ,വിയർപ്പുറ്റ അവിലിനോളം മഹത്വത്തമുള്ള ഒരു നിവേദ്യവും ഭക്തന്റെ ചരിത്ര പുസ്തകത്തിലില്ല. ഒരു ഉണക്ക നെല്ലിക്കയോളം ദിവ്യമായ മറ്റൊരു കാണിക്കയുമില്ലവിടെ. ഒരു ചീരയിലയോളം രുചിയുറ്റ മറ്റൊരു പ്രസാദവുമില്ല. സമ്പന്ന ഹുങ്കിന്റെ “വക”കൾ ഈ മഹാക്ഷേത്രങ്ങളെ നമ്മുടേതല്ലാതാക്കുകയാണ്. എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ എന്റെയല്ലീ മഹാ ക്ഷേത്രവും മക്കളെ എന്ന് മറ്റൊരർഥത്തിൽ പറയിക്കയാണ്. ബാക്കി വല്ലതുമുണ്ടോ എന്നു നോക്കി നോക്കി ഒടുവിലീ പാവങ്ങൾക്കായി ആ മൂർത്തിയെയെങ്കിലും അവിടെ വെച്ചേക്കണം. കാരണം;
“കാണുന്നതൊക്കെയും കണ്ണുനീരെങ്കിലും ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ..
ഗർഭ ഗൃഹത്തിലുണ്ടാശ്രിത വത്സലനിർഭരനായൊരാൾ എന്റെയായ് എന്റെയായ്….”
















