ഒന്നാം ഇന്നിങ്‌സ്: വിന്‍ഡീസ്- 162, ഭാരതം- 448/5
അഹമ്മദാബാദ്: ഋഷഭ് പന്തിന്റെ അഭാവം പരിഹരിക്കാനൊത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന് തെളിയിച്ച് ധ്രുവ് ജുറെല്‍ ഭാരതത്തിനായി കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി. ഭാരതത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിങ്ങിന് അടിത്തറയിട്ട കെ.എല്‍. രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി മടങ്ങി. സെഞ്ച്വറി തിളക്കവുമായി ജഡേജ ഭാരത ലീഡ് 300ലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിലെത്തിയ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസത്തിന്റെ പ്രധാന സംഭവങ്ങളാണിത്രയും.
ആദ്യദിനം വിന്‍ഡീസ് നേടിയ 162 റണ്‍സിനെതിരെ ഭാരതം 286 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. മത്സരം മൂന്നാം ദിവസത്തിലേക്ക് പിരിയുമ്പോള്‍ ഭാരതം 128 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത് 448 റണ്‍സ്.
സെഞ്ച്വറി തികച്ച രവീന്ദ്ര ജഡേജ(104)യ്‌ക്കൊപ്പം മറ്റൊരു ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍(ഒമ്പത്) ആണ് ക്രീസില്‍. ഇന്നലെ വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആകെ മൂന്ന് ഭാരത ബാറ്റര്‍മാരെ മാത്രമാണ് പുറത്താക്കാന്‍ സാധിച്ചത്. ശുഭ്മന്‍ ഗില്‍(50), കെ.എല്‍. രാഹുല്‍(100), ധ്രുവ് ജുറല്‍(125).
തലേന്ന് ഒരുമിച്ച രാഹുലും ഗില്ലും ചേര്‍ന്ന് ഇന്നലെ രാവിലെ മികച്ച തുടക്കമാണ് നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 120 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ദ്ധ സെഞ്ച്വറി തികച്ച ഉടനെ ക്യാപ്റ്റന്‍ ഗില്‍ പുറത്തായി. വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചേസിനായിരുന്നു വിക്കറ്റ്. അഞ്ചാമനായി ധ്രുവ് ജുറെല്‍ ക്രീസലെത്തി. തുടര്‍ന്നും വലിയ ക്ഷീണം ഏശാതെ ഭാരത ഇന്നിങ്‌സ് പുരോഗമിച്ചുകൊണ്ടിരുന്നു. ഏവരും കാത്തിരുന്ന സെഞ്ച്വറി നേട്ടത്തിലേക്ക് രാഹുല്‍ എത്തി. 12 ബൗണ്ടറികളടങ്ങുന്നതായിരുന്നു ആ കരുത്തുറ്റ ഇന്നിങ്‌സ്. സെഞ്ച്വറി തികച്ച് ഒരു റണ് പോലും ചേര്‍ക്കും മുമ്പേ ജോമല്‍ വാരിക്കന്റെ പന്തില്‍ നാലാമനായി രാഹുല്‍ പുറത്തായി.
ജുറെലിനൊപ്പം അഞ്ചാം വിക്കറ്റില്‍ ജഡേജ കൂട്ടാളിയായെത്തിയതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ഇരുവരും മിന്നും ഫോമില്‍ സ്‌കോര്‍ ചെയ്ത് മുന്നേറി സെഞ്ച്വറി നേട്ടത്തിലേക്ക് കുതിച്ചു. 55 ഓവറുകള്‍ പിന്നിട്ട ഈ കൂട്ടുകെട്ടില്‍ 206 റണ്‍സ് പിറന്നു. 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമായി ജുറെല്‍(125) പുറത്തായി. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേട്ടവുമായാണ് ജുറെല്‍ മടങ്ങിയത്. മത്സരത്തിന്റെ രണ്ടാം ദിനം പൂര്‍ത്തിയാകും മുമ്പേ ജഡേജ കരിയറിലേക്ക് ഒരു സെഞ്ച്വറി നേട്ടം കൂടി ചേര്‍ത്തു. 176 പന്തുകളില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതം 104 റണ്‍സുമായാണ് ജഡേജ നില്‍ക്കുന്നത്.
















