കോട്ടയം: കാണക്കാരിയില്‍ വീട്ടമ്മയായ ജെസിയെ കാണാതായ സംഭവത്തില്‍ ക്രൂരമായ കൊലപാതകത്തിന്‌റെ ചുരുളഴിച്ച് പൊലീസ്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം മൂലം ജെസിയെ ഭര്‍ത്താവ് കൊന്ന് കൊക്കയില്‍ തള്ളുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജെസ്സിയുടെ മരണത്തില്‍ കാണക്കാരി രത്‌നഗിരിപളപ്പിക്കുസമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്ജ് (59) അറസ്റ്റിലായി.
സാം ജോര്‍ജ്ജും ജെസ്സിയും മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കുസമീപമുള്ള ഇരുനില വീട്ടില്‍ മുകളിലും താഴെയുമായാണ് താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ പരസ്പരം ബന്ധമുണ്ടായിരുന്നില്ല. മക്കള്‍ വിദേശത്ത് പോയശേഷം 6 മാസമായി ജസ്സി ഒറ്റക്കായിരുന്നു. ജസ്സിയെ 26 മുതല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് മക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും ജെസ്സി താമസിച്ചിരുന്നിടത്തുംമറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നി വൈക്കം ഡിവൈഎസ്പി വിജയന്‌റെ നേതൃത്വത്തില്‍ കുറവിലങ്ങാട് പോലീസ് സാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
വഴക്കിനെ തുടര്‍ന്ന് ജെസ്സിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി രാത്രി കാറിന്റെ ഡിക്കിയിലിട്ട് ഇടുക്കിയില്‍ ഉടുമ്പന്നൂര്‍ ഭാഗത്ത് കൊക്കയില്‍ തള്ളുകയായിരുന്നുവെന്ന് സാം സമ്മതിച്ചു.















