പാലക്കാട് : ജില്ലാ ആശുപത്രിയില്‍ 9 വയസുകാരിയുടെ ചികിത്സയില്‍ പിഴവുണ്ടായെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ പക്ഷം.
ആശുപത്രിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സാധാരണ പോലെ തന്നെ എല്ലാ ചികിത്സകളും നല്‍കിയെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ പറഞ്ഞു.സംഭവിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാര്യമാണ്. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് കാരണമാണ് ഈ സ്ഥിതിയുണ്ടായതെന്നും സൂപ്രണ്ട് കുറ്റപ്പെടുത്തി.
സംഭവത്തില്‍ പൂര്‍ണമായും കുട്ടിയുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ആശുപത്രി അധികൃതരുടേത്.
സെപ്തംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.ജില്ലാ ആശുപത്രിയില്‍ നിന്നും എക്‌സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു.
സെപ്തംബര്‍ 25-ന് കുട്ടിയുടെ കൈക്ക് വീണ്ടും വേദന അനുഭവപ്പെട്ടു. കൈയിലെ നിറം മങ്ങാന്‍ തുടങ്ങി. എന്നാല്‍ ഒക്ടോബര്‍ അഞ്ചിന് വന്നാല്‍ മതിയെന്ന് പറഞ്ഞ് കുട്ടിയെയും മാതാപിതാക്കളെയും ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അവിടെ നടത്തിയ പരിശോധനയില്‍ കൈ അഴുകിയ നിലയിലായിരുന്നു. ഇതോടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നു.
















