ജയ്‌പൂർ: ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദം പാകിസ്ഥാൻ നിർത്തണമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്. അല്ലെങ്കിൽ അയൽരാജ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിലനിൽപ്പ് അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പിനുള്ള സൂചനകൾ നൽകിക്കൊണ്ടാണ് സൈനിക മേധാവി സംസാരിച്ചത്.
വീണ്ടും പ്രകോപിപ്പിച്ചാൽ, ഓപ്പറേഷൻ സിന്ദൂർ 1.0 സമയത്ത് കാണിച്ചതുപോലുള്ള സംയമനം ഇന്ത്യ കാണിക്കില്ലെന്നും ഒരു പടി കൂടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അനുപ്ഗറിലെ സൈനിക പോസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഒരു സ്ഥാനം വേണോ വേണ്ടയോ എന്ന് പുനർവിചിന്തനം നടത്താൻ പാകിസ്ഥാൻ നിർബന്ധിതരാകുന്ന തരത്തിൽ നമ്മൾ അതിനെ ശക്തമായി നേരിടാൻ സാധ്യതയുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നത് നിർത്താത്ത പക്ഷം ഇന്ത്യൻ സൈന്യം യാതൊരു വിധത്തിലുള്ള സംയമനവും പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പ്രതികരണമായി മെയ് 7-ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ഇന്ത്യൻ സായുധ സേന കൃത്യമായ ആക്രമണങ്ങൾ നടത്തുകയും പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലും ഒമ്പത് തീവ്രവാദ ലോഞ്ച് പാഡുകൾ നശിപ്പിക്കുകയും 100-ൽ അധികം തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.
ഭൂപടത്തിൽ നില നിൽക്കണമെന്നാണ് പാക്കിസ്ഥാന്റെ ആഗ്രഹമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈനികരോട് സജ്ജരായിരിക്കാനും, അവരുടെ ഫയർ പവർ ഉടൻ തന്നെ പ്രയോഗിക്കാൻ മറ്റൊരു അവസരം ലഭിച്ചേക്കാമെന്നും സൂചന നൽകി ജനറൽ ദ്വിവേദി കൂടുതൽ വ്യക്തത വരുത്തി.
“ദയവായി പൂർണ്ണമായും തയ്യാറാകൂ. ദൈവം അനുവദിച്ചാൽ, നിങ്ങൾക്ക് വളരെ വേഗം മറ്റൊരു അവസരം ലഭിക്കും. എല്ലാ ആശംസകളും”, കരസേനാ മേധാവി കൂട്ടിച്ചേർത്തു.
















